ലണ്ടന്‍: യുകെയില്‍ സ്വകാര്യ മേഖലയിലെ സമരങ്ങള്‍ ഉയര്‍ന്ന നിരക്കില്‍. പത്ത് വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സമരങ്ങളെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടനിലെ റെയില്‍വേ നെറ്റ്‌വര്‍ക്കുകളിലെ സമരങ്ങളാണ് ഈ നിരക്ക് ഉയരാന്‍ കാരണം. ജനുവരിക്കും ജൂലൈക്കുമിടയില്‍ 1,22,000 പ്രവൃത്തിദിനങ്ങള്‍ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2004നു ശേഷം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടിലും തോമസ് കുക്ക് വിമാനങ്ങളിലും കൂടുതല്‍ സമരങ്ങള്‍ ഇനിയും നടക്കാനിരിക്കെ ഈ വര്‍ഷം സ്വകാര്യമേഖലയുടെ സമരങ്ങളുടേതാകുമെന്ന് ഏകദേശം ഉറപ്പായി.

ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 2016 ജനുവരി മുതല്‍ ജൂലൈ വരെയുണ്ടായ സമരങ്ങളുടെ ഇരട്ടിയേക്കാള്‍ കൂടുതലാണ് ഇത്. 2004ല്‍ ആകെയുണ്ടായ സമരങ്ങളില്‍ നഷ്ടമായത് 1,65,000 പ്രവൃത്തിദിനങ്ങളാണ്. ഇപ്പോള്‍ നടന്നുവരുന്ന സമരങ്ങളുടെ നിരക്കനുസരിച്ച് 2017 പൂര്‍ത്തിയാകുന്നതിനു മുമ്പായി ഈ റെക്കോര്‍ഡ് തകര്‍ക്കപ്പെടും. സമരങ്ങള്‍ നടക്കണമെന്ന് ആര്‍ക്കും ആഗ്രഹമില്ലെന്നായിരുന്നു ഈ വാര്‍ത്തയോട് ടിയുസി വക്താവ് പ്രതികരിച്ചത്.

കഠിനാദ്ധ്വാനം ചെയ്യുന്ന ജീവനക്കാരുടെ അഭിമാനം ഇല്ലാതാക്കുന്ന നടപടികള്‍ ഉണ്ടാകുമ്പോളാണ് സമരങ്ങള്‍ നടക്കുന്നത്. അല്ലെങ്കില്‍ സമരം നടത്തി അന്നത്തെ ശമ്പളം നഷ്ടമാക്കാന്‍ ആരാണ് താല്‍പര്യപ്പെടുകയെന്നും വക്താവ് ചോദിച്ചു. ചില കാര്യങ്ങളില്‍ സമവായത്തിന് തൊഴിലുടമകള്‍ തയ്യാറാകാതെ വന്നാല്‍ സമരമല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നും യൂണിയന്‍ പറയുന്നു. ഈ വര്‍ഷം സമരം ചെയ്തവരില്‍ റെയില്‍ ഗാര്‍ഡുകള്‍, കാര്‍ നിര്‍മാണക്കമ്പനികളിലെ ജീവനക്കാര്‍, എന്‍എച്ച്എസ് ജീവനക്കാര്‍ മുതല്‍ ആണവ മേഖലയിലെ ജീവനക്കാര്‍ വരെയുണ്ട്.