ന്യൂസ് ഡെസ്ക്

നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന സ്ത്രീകൾക്ക് ക്യാൻസർ വരാൻ സാധ്യത കൂടുതലാണ് എന്ന് മുന്നറിയിയിപ്പ്. ദീർഘകാലം നൈറ്റ് ഷിഫ്റ്റ് ചെയ്ത നഴ്സുമാരിൽ ബ്രെസ്റ്റ് ക്യാൻസർ കൂടുന്നതായുള്ള കണക്കുകൾ പുറത്തു വന്നു. നിലവിൽ ആരോഗ്യ പ്രശ്നങ്ങളുള്ള നഴ്സുമാർ ഹെൽത്ത് സ്ക്രീനിംഗ് നടത്തണമെന്ന നിർദ്ദേശവുമുണ്ട്. സ്കിൻ ക്യാൻസർ 41 ശതമാനവും ബ്രെസ്റ്റ് ക്യാൻസർ 32 ശതമാനവും സ്റ്റോമക് ക്യാൻസർ 18 ശതമാനവും  ബാധിക്കാനുള്ള സാധ്യത നൈറ്റ് ഷിഫ്റ്റ് ചെയ്യുന്ന വരിൽ കൂടുതലാണ്. നോർത്ത് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിൽ നടന്ന ദീർഘകാല പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തലുകൾ. 3,909,152 പേർ പങ്കെടുത്ത പഠനത്തിൽ 114,628 ക്യാൻസർ കേസുകൾ അപഗ്രന്ഥിച്ചാണ് വിദഗ്ദർ ക്യാൻസർ റിസ്ക് സാധ്യത കണ്ടെത്തിയത്.

നോർത്ത് അമേരിക്കയിലും യൂറോപ്പിലും നൈറ്റ് ഷിഫ്റ്റ് സ്ഥിരമായി ചെയ്യുന്ന ഫീമെയിൽ നഴ്സുമാരിൽ ബ്രെസ്റ്റ് ക്യാൻസർ സാധ്യത വളരെ കൂടുതലാണെന്ന് പഠനം എടുത്തു പറയുന്നു. നൈറ്റ് ചെയ്യാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ നൈറ്റ് ചെയ്യുന്ന നഴ്സുമാരിൽ ബ്രെസ്റ്റ് ക്യാൻസർ സാധ്യത 58 ശതമാനവും ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ക്യാൻസർ സാധ്യത 35 ശതമാനവും ശ്വാസകോശ ക്യാൻസർ സാധ്യത 28 ശതമാനവും കൂടുതലാണ്. സ്ഥിരം നൈറ്റ് സ്യൂട്ടി ചെയ്യുന്ന സ്ത്രീകൾക്ക് കൂടുതൽ ആരോഗ്യ സംരക്ഷണം നൽകണമെന്നതിന്റെ ആവശ്യകത പഠനം നടത്തിയ ചൈനയിലെ സിച്ചുവാൻ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസർ സുലെയ് മാ എടുത്തു പറഞ്ഞു.

ജീവിത സാഹചര്യങ്ങളും കുടുംബസംരക്ഷണത്തിന്റെ സമ്മർദ്ദങ്ങളും മൂലമാണ് മിക്ക നഴ്സുമാരും നൈറ്റ് ഡ്യൂട്ടി ചെയ്യാൻ നിർബന്ധിതരാകുന്നത്. നൈറ്റ് ഡ്യൂട്ടി അലവൻസുകളും ചിലരെ ഇതിലേയ്ക്ക് ആകർഷിച്ചിട്ടുണ്ട്. മൂന്നു ഷിഫ്റ്റുകൾ ചെയ്താൽ ഒരാഴ്ചത്തെ ഡ്യൂട്ടി പൂർത്തിയാക്കാമെന്ന മെച്ചവും നൈറ്റ് ഡ്യൂട്ടിക്ക് ഉണ്ട്. പക്ഷേ ഭാവിയിൽ ഇത് ശരീരത്തിന്റെ ആരോഗ്യസ്ഥിതിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.