സിനി മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവരെ പിടികൂടാനായിട്ട് യുകെയിലെമ്പാടും പുതിയ എൽഇഡി ഇൻഫ്രാ റെഡ് ക്യാമറകൾ സ്ഥാപിക്കാനായിട്ട് ഗവൺമെന്റ് പദ്ധതി. ഇതിന്റെ ഭാഗമായി വെസ്റ്റ്‌ യോർക്ക് ഷെയര്‍, ഹഡേഴ്സ്ഫീൽഡ് തുടങ്ങിയ ഭാഗങ്ങളിൽ പുതിയതായിട്ട് എൽഇഡി ഇൻഫ്രാറെഡ് ക്യാമറകൾ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. മുൻകാലങ്ങളിൽ വ്യാപകമായിട്ടുണ്ടായിരുന്നത് സ്പീഡ് ക്യാമറകൾ ആയിരുന്നെങ്കിൽ ഇപ്പോൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവരെ പിടികൂടാനായിട്ടാണ് കൂടുതലായിട്ടും ക്യാമറകൾ അധികൃതർ ഉപയോഗിക്കുന്നത്.

ഡ്രൈവ് ചെയ്യുമ്പോൾ ഭക്ഷണം കഴിക്കുകയോ, പുകവലിക്കുകയോ, മൊബൈൽ ഉപയോഗിക്കുകയോ, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നവരെ പിടികൂടാൻ സഹായിക്കുന്നതാണ് പുതിയ ക്യാമറകൾ. ഹോം ഓഫീസിന്റെ കണക്ക് പ്രകാരം 2017 ൽ വെസ്റ്റ്‌ യോർക്ക് ഷെയറിൽ മാത്രം ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 1841 പേർക്ക് പോലീസ് പിഴ ഈടാക്കിയിരുന്നു.

യുകെയിൽ പലസ്ഥലങ്ങളിലും ഒരു ദിവസം ശരാശരി അഞ്ച് ഡ്രൈവർമാരെങ്കിലും ഇപ്പോഴും ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ പിടിക്കപ്പെടുന്നുണ്ട്. വാഹനം ഓടിക്കുന്നതിന്റെ ഇടയ്ക്ക് ഫോൺ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഡ്രൈവർമാർക്ക് പെനാൽറ്റി ആയിട്ട് 6 പോയിന്റും 200 പൗണ്ട് പിഴയും ആണ് ചുമത്തപ്പെടുന്നത്. അതേസമയം ഈ കേസ് കോടതിയിലേക്ക് പോവുകയാണെങ്കിൽ ലൈസൻസ് റദ്ദാക്കുകയും 1000 പൗണ്ട് വരെ പിഴ ഈടാക്കുകയും ചെയ്യും .

യുകെയിലെ നിയമമനുസരിച്ച് വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കാൻ ഉള്ള ഏക മാർഗ്ഗം ഹാൻഡ് ഫ്രീ കിറ്റുകൾ ഉപയോഗിക്കുക എന്നുള്ളതാണ്. അതായത് ബ്ലൂട്യുയൂത്ത്‌ ഹെഡ്സെറ്റ് പോലുള്ളവ ഡ്രൈവർമാർക്ക് ഉപയോഗിക്കാനായിട്ട് സാധിക്കും. അതുപോലെ തന്നെ സുരക്ഷിതമായി പാർക്ക് ചെയ്യുന്ന സമയത്ത് ഡ്രൈവർമാർക്ക് ഫോൺ ഉപയോഗിക്കാനായിട്ട് അനുവാദമുണ്ട്. അതുപോലെതന്നെ 999 അഥവാ 112 ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലും ഡ്രൈവർമാർക്ക് മൊബൈൽ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം യുകെയിൽ അനുവദിക്കപ്പെട്ടിട്ടുണ്ട്.

ഡ്രൈവിംഗിനിടെ ഭക്ഷണം കഴിക്കുന്നത് നിരോധിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും അതും ഡ്രൈവറുടെ ശ്രദ്ധയെ വഴി തെറ്റിച്ചു വിടുന്നതായി പറയുന്നുണ്ട്. ഡ്രൈവിങ്ങിനിടിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുന്നതും നിയമങ്ങൾ പാലിക്കുന്നതും തങ്ങളുടെയും സഹയാത്രികരുടെയും മറ്റുള്ള വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെയും സുരക്ഷിതത്വത്തിനെ അത്യന്താപേക്ഷിതമാണ് . ക്യാമറ കണ്ണുകൾ ഈ രംഗത്ത് നിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും കാരണമാകുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.