ന്യൂഡല്‍ഹി: കേരളത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ അധികനാള്‍ ആവശ്യമില്ലെന്ന് ബിജെപി നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്. ത്രിപുര തെരെഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് യോഗി ആദിത്യനാഥിന്റെ അവകാശവാദം. കേരളത്തില്‍ വിജയം പിടിച്ചെടുക്കുമെന്ന് അവകാശവാദമുന്നയിച്ച് മുന്‍പും ബിജെപി നേതാക്കള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ഇതിനെതിരായ സിപിഎം പാളയത്തില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ താമസിയാതെ ബിജെപി അധികാരത്തിലെത്തുമെന്നും യോഗി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ത്രിപുര ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയത്തിന് കാരണം മോഡി സര്‍ക്കാരിന്റെ വികസന നയങ്ങളുടെ ഭാഗമായിട്ടാണെന്നും യോഗി അവകാശവാദം ഉന്നയിച്ചു. തെരെഞ്ഞെടുപ്പ് വിജയത്തില്‍ അമിത് ഷായുടെ ശക്തമായ നേതൃത്വത്തിനും വലിയ പങ്കുണ്ടെന്ന് യോഗി പറഞ്ഞു.

അതേസമയം ത്രിപുരയില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ വീടും പാര്‍ട്ടി ഓഫീസുകളും ബിജെപി അനുകൂലികള്‍ അക്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളാണ് നിലവില്‍ അക്രമിക്കപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ബിജെപി പ്രതികരണത്തിന് തയ്യാറായിട്ടില്ല. ത്രിപുരയിലെ തോല്‍വി അപ്രതീക്ഷിതമാണെന്നും അതിനു കാരണങ്ങള്‍ പരിശോധിക്കുമെന്നും സിപിഎം നേതാവ് മാണിക് സര്‍ക്കാര്‍ പറഞ്ഞു.