ഐ.എസ്. ബന്ധം ആരോപിക്കപ്പെട്ട സംഭവത്തില്‍ ഇസ്ലാമിലേക്കു മതംമാറിയ യുവതിയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കി. മകളെ നിര്‍ബന്ധിച്ചു മതംമാറ്റിയെന്നും തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

യുവതിയെ മാതാപിതാക്കള്‍ക്കെപ്പം വിട്ടയച്ച കോടതി ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ സുപ്രധാന തീരുമാനമെന്ന നിലയില്‍ വിവാഹക്കാര്യം മാതാപിതാക്കളുടെ സജീവ പങ്കാളിത്തത്തോടെ തീരുമാനിക്കണമെന്നും അസാധാരണ ഉത്തരവില്‍ വ്യക്തമാക്കി.

വൈക്കം സ്വദേശി അശോകന്‍ നല്‍കിയ ഹര്‍ജിയിലാണ് മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ നടക്കുന്ന വിവാഹം അസാധുവാണെന്ന നിരീക്ഷണം കോടതി നടത്തിയത്. അശോകന്റെ ഹര്‍ജിയില്‍ വിധി പുറപ്പെടുവിച്ച കോടതി അഖില എന്ന ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയക്കുകയും ചെയ്തു. മതപരിവര്‍ത്തനം നടത്തി മകളെ ഐ.എസില്‍ ചേര്‍ക്കാനായി തടഞ്ഞുവെച്ചിരിക്കുകയാണെന്നായിരുന്നു അശോകന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്. മകള്‍ തീവ്രവാദ ഗ്രൂപ്പിന്റെ തടവിലാണെന്നും മതം മാറ്റി സിറിയയിലേയ്ക്ക് കൊണ്ടു പോകാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് അശോകന്‍ നല്‍കിയിരുന്നത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ കെ. സുരേന്ദ്ര മോഹന്‍, എബ്രാഹം മാത്യൂ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ നടക്കുന്ന വിവാഹം അസാധുവാണെന്ന വിധി പുറപ്പെടുവിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായി പെണ്‍കുട്ടി വിവാഹിതയായത്. ഹര്‍ജിയെത്തുടര്‍ന്ന് കോടതിയില്‍ ഹാജരായ പെണ്‍കുട്ടി താന്‍ ഇസ്ലാം മതത്തില്‍ ആകൃഷ്ടയായി വീടു വിട്ടിറങ്ങിയതാണെന്നും തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും പറഞ്ഞെങ്കിലും മാതാപിതാക്കള്‍ വിവാഹസമയത്ത് ഉണ്ടായില്ല എന്ന് നിരീക്ഷിച്ച കോടതി വിവാഹം റദ്ദാക്കുകയായിരുന്നു. അശോകന്‍ പെരിന്തല്‍മണ്ണ, ചേര്‍പ്പുളശേരി പൊലീസ് സ്‌റ്റേഷനുകളില്‍ നല്‍കിയിട്ടുള്ള പരാതി സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കണമെന്ന് കോടതി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. വിവാഹത്തിന് പുറകില്‍ ഉണ്ടായവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.