ലണ്ടന്‍: ഒരു മില്യണോളം വരുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആശ്വാസമായി ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ചു. യൂണിയനുകളുമായി എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. 2010 മുതല്‍ നിലവിലുള്ള പേ ക്യാപ് എടുത്തുകളയാനും ജീവനക്കാരുടെ ശമ്പളത്തില്‍ 6.5 മുതല്‍ 29 ശതമാനം വരെ വര്‍ദ്ധനവ് വരുത്താനുമാണ് തീരുമാനമായത്. പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ശമ്പളം വര്‍ദ്ധിപ്പിക്കുമ്പോള്‍ ഒരു ദിവസത്തെ അവധി വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശം യൂണിയനുകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ശമ്പള വര്‍ദ്ധനവ് മൂന്ന് വര്‍ഷത്തിനുള്ളിലാണ് നടപ്പിലാക്കുക. ഇതനുസരിച്ച് ഈ വര്‍ഷം 3 ശതമാനം വര്‍ദ്ധനവ് ജീവനക്കാര്‍ക്ക് ലഭിക്കും.

ശമ്പള സ്‌കെയിലില്‍ മുന്‍നിരയിലുള്ള പകുതിയോളം ജീവനക്കാര്‍ക്ക് 6.5 ശതമാനം വര്‍ദ്ധന ലഭിക്കുമ്പോള്‍ കുറഞ്ഞ ശമ്പളം ലഭിച്ചുകൊണ്ടിരിക്കുന്ന പകുതിയോളം ജീവനക്കാര്‍ക്ക് 9 മുതല്‍ 29 ശതമാനം വരെയാണ് ശമ്പളവര്‍ദ്ധനവ് നിര്‍ദേശിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ് തുടങ്ങി ബാന്‍ഡ്-സെവന്‍ പേയ് സ്‌കെയിലിന്റെ അടിത്തട്ടിലുള്ളവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് 31,696 പൗണ്ടാണ്. 29 ശതമാനം വര്‍ദ്ധനയുണ്ടാകുമ്പോള്‍ ഇവരുടെ ശമ്പളം 2020-21 വര്‍ഷത്തോടെ 37,890 പൗണ്ടായി മാറും. ബാന്‍ഡ് 5 പേയ് സ്‌കെയിലിന്റെ മധ്യഭാഗത്തുള്ള നഴ്‌സുമാര്‍, തെറാപ്പിസ്റ്റുകള്‍, സയന്റിസ്റ്റുകള്‍ എന്നിവര്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ ശമ്പളത്തില്‍ 24.7 ശതമാനം വര്‍ദ്ധനയുണ്ടാകും. ഇവര്‍ക്ക് 24,460 മുതല്‍ 30,615 പൗണ്ട് വരെ ശമ്പളം ലഭിക്കും.

ഒരു പുതിയ നഴ്‌സിന്റെ ബാന്‍ഡ് 5ലുള്ള തുടക്ക ശമ്പളം 22,128 പൗണ്ടില്‍ നിന്ന് 26,970 പൗണ്ടായി ഉയരും. അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഒരു ലക്ഷത്തോളം ജീവനക്കാര്‍ക്ക് 17,460 പൗണ്ട് മിനിമം ശമ്പളം നല്‍കാനും പാക്കേജില്‍ നിര്‍ദേശമുണ്ട്. പുതിയ കരാറനുസരിച്ച് നഴ്‌സുമാര്‍, മിഡൈ്വഫുമാര്‍, പാരാമെഡ്ക്‌സ്, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ തുടങ്ങിയവര്‍ക്ക് 2018-19 വര്‍ഷത്തില്‍ 3 ശതമാനവും 2019-20 വര്‍ഷത്തില്‍ 2 ശതമാനവും 2020-21 വര്‍ഷത്തില്‍ 1 ശതമാനവുമാണ് വര്‍ദ്ധന വരുത്തുക. ഇക്കാലയളവിനുള്ളില്‍ പദ്ധതിക്കായി 4.2 ബില്യന്‍ പൗണ്ടാണ് വിലയിരുത്തിയിട്ടുള്ളത്.