പൃഥ്വിരാജ് സംവിധാനം’ ലൂസിഫറി’ന്റെ ക്യാരക്ക്റ്റർ പോസ്റ്ററുകളായിരുന്നു കഴിഞ്ഞ ഇരുപത്തിയഞ്ചു ദിവസങ്ങളായി സിനിമാ പ്രേമികളുടെ കണ്ണും മനസ്സും നിറച്ചത്. മുരളി ഗോപി എഴുതുന്ന പൊളിറ്റിക്കൽ ത്രില്ലറിലെ ഓരോ കഥാപാത്രത്തേയും ഓരോ ദിവസങ്ങളിലായി പരിചയപ്പെടുത്തിയപ്പോൾ, ആരാധകരെല്ലാം തന്നെ ഏറെ ഉദ്വേഗത്തോടെ കാത്തിരുന്നത് ഇരുപത്തിയാറാം നാളായ ഇന്ന് റിലീസ് ചെയ്യുന്ന പോസ്റ്റർ ഏതായിരിക്കും എന്നാണ്.

പ്രതീക്ഷിച്ചതു പോലെ തന്നെ മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പുള്ളിയുടെ ക്യാരക്റ്റർ പോസ്റ്റാണ് ഇന്ന് റിലീസ് ചെയ്തത്. ഒരു രാഷ്ട്രീയക്കാരന്റെ വേഷമാണ് ചിത്രത്തിൽ മോഹൻലാലിന്.

ഏറെ നാളായി മലയാള സിനിമാലോകത്ത് അലയടിച്ചുകൊണ്ടിരിക്കുന്ന പേരുകളിലൊന്നാണ് ‘ലൂസിഫർ’. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതു കൊണ്ടു മാത്രമല്ല, മോഹൻലാൽ കൂടാതെ വിവേക് ഒബ്റോയിയും മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു എന്നതും ‘ലൂസിഫറി’നെ കുറിച്ചുള്ള ആകാംക്ഷയും പ്രതീക്ഷകളും ഇരട്ടിപ്പിക്കുകയാണ്. ചിത്രം തിയേറ്ററുകളിലെത്താൻ കഷ്ടിച്ച് രണ്ടാഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോഴും ചിത്രത്തിന്റെ കഥയെ കുറിച്ചോ മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ കുറിച്ചോ കൂടുതൽ വിവരങ്ങളൊന്നും പുറത്തു പറയാതെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ സസ്‌പെൻസ് സ്വഭാവം നിലനിർത്തുകയാണ്.

ആ അക്ഷമയിൽ നിന്നു തന്നെയാവാം തന്റെതായ രീതിയിൽ ‘ലൂസിഫറി’ന്റെ കഥകൾ വ്യാഖാനിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നതും. ചിത്രത്തിന്റെ സീനുകളും ഓരോ കഥാപാത്രങ്ങളുടെ പശ്ചാത്തലവും വരെ ഇന്നതാവാം എന്ന രീതിയിലുള്ള ചർച്ചകൾ തകൃതിയായി നടക്കുകയാണ് പല സോഷ്യൽ മീഡിയ വേദികളിലും. തമാശയ്ക്ക് അപ്പുറം അത്തരം ‘ലൂസിഫർ’ വിവർത്തനങ്ങൾ വ്യാപകമായതോടെ സിനിമയെ കുറിച്ചുള്ള കള്ളപ്രചാരണങ്ങൾ അവസാനിപ്പിക്കൂ എന്നാവശ്യപ്പെട്ട് മോഹൻലാലും പൃഥിരാജും മുരളി ഗോപിയുമടക്കമുള്ള ചിത്രത്തിന്റെ അണിയറക്കാരും രംഗത്തു വന്നിരുന്നു. ചിത്രത്തിന്റെ ‘ഇൻട്രോ സീൻ’ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു സ്ക്രീൻ ഷോട്ട് പോസ്റ്റിനൊപ്പം ഷെയർ ചെയ്തായിരുന്നു മോഹൻലാൽ ‘ലൂസിഫറി’നെതിരെയുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കൂ എന്ന ആവശ്യം ഉന്നയിച്ചത്.

ഏറെനാളായി സംവിധാനമോഹം കൊണ്ടുനടക്കുന്നുവെങ്കിലും വളരെ യാദൃശ്ചികമായാണ് ലൂസിഫറിലേക്ക് എത്തി ചേർന്നതെന്നാണ് പൃഥിരാജ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. “ഇത് വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. ടിയാൻ എന്ന ചിത്രത്തിൽ ഞാനും മുരളി ഗോപിയും അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ, ഞങ്ങൾ വൈകിട്ട് ഇരിക്കുമ്പോൾ എപ്പോഴും സംസാരിക്കുന്നത് സിനിമയെ കുറിച്ചാണ്. ലാലേട്ടനെ വെച്ച് ഒരു കഥ എഴുതുന്ന കാര്യം മുരളി പറഞ്ഞു. ആരാ ഡയറക്ടർ​ എന്നു ഞാൻ ചോദിച്ചു. ആ സംഭാഷണത്തിൽ നിന്നുമാണ് ലൂസിഫറിലേക്ക് എത്തുന്നത്. ‘ലൂസിഫർ’ എന്ന ടൈറ്റിൽ ഈ കഥയ്ക്ക് വേണ്ടി ഇട്ടതല്ല. അത് മുൻപ് അനൗൺസ് ചെയ്ത, രാജേഷ് പിള്ള എന്ന എന്റെ സുഹൃത്ത് എഴുതിയ വേറൊരു കഥയ്ക്ക് ഇട്ട ടൈറ്റിൽ ആണ്. കഥ അതല്ല, പക്ഷേ ആ ടൈറ്റിൽ ഈ സിനിമയ്ക്ക് യോജിക്കുന്നതുകൊണ്ട് ആ ടൈറ്റിൽ എടുത്തതാണ്.” ‘ലൂസിഫറി’ലേക്കുള്ള യാത്രയെ കുറിച്ച് പൃഥിരാജ് പറഞ്ഞതിങ്ങനെ.