ന്യൂഡല്‍ഹി: എംജി സര്‍വകലാശാല വിസി സ്ഥാനത്ത് ഡോ.ബാബു സെബാസ്റ്റിയന് മെയ് 4 വരെ തുടരാന്‍ അനുമതി. സുപ്രീം കോടതിയാണ് ഈ അനുമതി നല്‍കിയത്. ബാബു സെബാസ്റ്റിയനെ തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയാണ് ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയത്. വിസിയുടെ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതില്‍ ക്രമക്കേടുണ്ടെന്നും വൈസ് ചാന്‍സലറെ തിരഞ്ഞെടുത്ത നടപടികളില്‍ അപാകതകളുണ്ടായിരുന്നെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

സെര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് യൂണിവേഴ്സിറ്റിയുമായി ബന്ധം പാടില്ലെന്നാണ് ചട്ടം. ഇത് പാലിക്കപ്പെട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. കേസ് മെയ് നാലിന് വീണ്ടും പരിഗണിക്കും.