ലണ്ടൻ: ലണ്ടൻ മലയാളികൾക്ക് ഏറെ പ്രിയങ്കരനും സാമൂഹ്യപ്രവർത്തകനുമായിരുന്ന ശ്രീ എം. എൽ മത്തായി നാട്ടിൽ നിര്യാതനായി. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് ഇന്ന് രാവിലെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. തൊടുപുഴ ചുങ്കം ഇടവകയിൽ മുളയിങ്കൽ കുടുംബത്തിലാണ് ജനനം. ഭാര്യ ഏലിയാമ്മ പീറ്റർബറോയിൽ നഴ്‌സായി ജോലിചെയ്തുവരുന്നു. ഏകമകൾ അലീന കോളേജ് വിദ്യാർത്ഥിനിയാണ്. മരണ വാർത്തയറിഞ്ഞ ഇവർ നാട്ടിലേയ്ക്ക് ഇന്ന് രാവിലെ യാത്രയായി.

രണ്ടാഴ്ച്ച മുൻപാണ് നാട്ടിലേയ്ക്ക് അദ്ദേഹം അവധിയ്ക്ക് പോയത്. സീറോ മലബാർ സഭയുടെ ലണ്ടനിലെ ക്രോയിഡണിലെ തോണ്ടൻ ഹീത്ത് സെന്ററിലെ ആദ്യത്തെ കൈക്കാരൻ ആയിരുന്നു. സഭയുടെ ആദ്യകാല വളർച്ചയിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകിയ വ്യക്തിയായിരുന്നു ഏവരും സ്നേഹപൂർവ്വം മത്തായിച്ചേട്ടൻ എന്ന് വിളിച്ചിരുന്ന ശ്രീ എം. എൽ മത്തായി. മൂന്നു വര്ഷം മുൻപാണ് മത്തായിച്ചേട്ടനും കുടുംബവും ലണ്ടനിൽ നിന്നും പീറ്റർബറോയിലേയ്ക്ക് താമസം മാറുന്നത്.

ഏവർക്കും പ്രിയങ്കരനായിരുന്ന മത്തായിച്ചേട്ടന്റെ വിയോഗം സുഹൃത്തക്കളെ അതീവ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. അവിശ്വസിക്കാനാവാതെ തീവ്ര ദുഃഖത്തിൽ ആയ കുടുംബത്തിന്റെ വേദനയിൽ പങ്കു ചേരുന്നതിനോടൊപ്പം മലയാളംയുകെയുടെ അനുശോചനവും അറിയിക്കുന്നു.