എം6ല്‍ കവന്‍ട്രിക്ക് സമീപം രണ്ട് അപകടങ്ങള്‍; അപകടത്തില്‍പ്പെട്ടത് ഏഴ് കാറുകളും മൂന്ന് ലോറികളും; നോര്‍ത്ത് ഭാഗത്ത് മോട്ടോര്‍വേ അടച്ചു

by News Desk 5 | February 14, 2018 10:45 am

കവന്‍ട്രി: രണ്ട് വലിയ അപകടങ്ങളേത്തുടര്‍ന്ന് എം6 അടച്ചു. കവന്‍ട്രിക്ക് സമീപം പുലര്‍ച്ചെയാണ് അപകടങ്ങള്‍ ഉണ്ടായത്. പാതയുടെ വടക്കന്‍ സ്‌ട്രെച്ചില്‍ ജംഗ്ഷന്‍ 1നും 3നുമിടയിലുള്ള ഭാഗമാണ് അടച്ചിട്ടത്. പുലര്‍ച്ചെ ഒരു മണി മുതല്‍ എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് മാത്രമാണ് പാതയില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. രാവിലെയുണ്ടാകുന്ന ഗതാഗതത്തിരക്ക് പാത അടച്ചിട്ടതിനാല്‍ രൂക്ഷമായി രണ്ട് അപകടങ്ങളേത്തുടര്‍ന്നുണ്ടായ സ്ഥിതിവിശേഷം കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് വാര്‍വിക്ക്ഷയര്‍ പോലീസ് വക്താവ് അറിയിച്ചു.

മോട്ടോര്‍വേ ഉച്ചക്കു ശേഷം മാത്രമേ തുറക്കാനാകൂ എന്നാണ് കരുതുന്നത്. വാഹനങ്ങള്‍ ജംഗ്ഷന്‍ 2ല്‍ നിന്ന് തിരിഞ്ഞ് എ46, എ45 എന്നിവയിലൂടെ സിറ്റിയുടെ തെക്കുഭാഗത്തെത്തി ജംഗ്ഷന്‍ 4ലൂടെ എം6ല്‍ തിരികെ പ്രവേശിക്കണമെന്ന് ഹൈവേ ഇംഗ്ലണ്ട് വക്താവ് അറിയിച്ചു. പുലര്‍ച്ചെ 2.40നാണ് ലോറികള്‍ അപകടത്തില്‍പ്പെട്ടത്. ഒരു ലോറി സേഫ്റ്റി ബാരിയറില്‍ ഇടിക്കുകയും ചെയ്തു.

പിന്നീട് മൂന്നാമത്തെ ലെയിനില്‍ ഗതാഗതം പുനസ്ഥാപിക്കാനായെങ്കിലും പൂര്‍ണ്ണമായി തുറക്കണമെങ്കില്‍ സമയമെടുക്കുമെന്നാണ് വിവരം.

Source URL: http://malayalamuk.com/m6-closed-after-huge-seven-car-crash-and-three-lorry-pile-up/