അബുദാബി : ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കെതിരെ സഭ്യേതര ഭാഷയിൽ സമൂഹമാധ്യമത്തിൽ പ്രതികരണം നടത്തിയ വ്യക്തിയെ യൂസഫലി ഇടപെട്ട് ജയിൽമോചിതനാക്കി. ലുലു ഗ്രൂപ്പിന്റെ അഭ്യർഥനയെ തുടർന്നാണ് പൊലീസ് കേസ് പിൻവലിച്ചത്. അൽ ഖോബാറിൽ താമസിക്കുന്ന മലയാളി യുവാവാണ് യൂസഫലിയെ കുറിച്ച് മോശം ഭാഷയിൽ സമൂഹമാധ്യമത്തിൽ പ്രതികരണം നടത്തിയത്.

തുടർന്ന് ലുലു ഗ്രൂപ്പിന്റെ ലീഗൽ ടീം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി ആരംഭിച്ചത്. പിന്നീട് ഇയാൾ സമൂഹമാധ്യമത്തിൽ ക്ഷമാപണവുമായി എത്തി.വ്യക്തിഹത്യ നടത്തിയാൽ വൻ തുക പിഴയും നാടുകടത്തലുമാണ് സൗദി സൈബർ നിയമപ്രകാരമുള്ള ശിക്ഷ.

‘മോശം വാക്കുകൾ യൂസഫലിയെ കുറിച്ച് ഫെയ്സ്ബുക്കിൽ ഉപയോഗിച്ചു. എനിക്ക് തെറ്റ് പറ്റിപ്പോയി. ഈശ്വരനെ വിചാരിച്ച് നിങ്ങളുടെ നല്ല മനസ്സുകൊണ്ട് എനിക്ക് മാപ്പുതരണം. ഇപ്പോ ഇവിടുത്തെ സർക്കാർ നിയമമനുസരിച്ച് എനിക്ക് ഡിപോർട്ടേഷൻ ആണ്. അതിൽ നിന്നും എന്നെ രക്ഷിക്കണമെന്നു ഞാൻ താഴ്മയോടെ അപേക്ഷിക്കുന്നു. അങ്ങയുടെ നല്ല മനസ്സുകൊണ്ട് ഇതിൽ നിന്നും ഞാൻ രക്ഷപ്പെടുന്നു. അങ്ങേയ്ക്കു ഈശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകട്ടേ’– മലയാളി യുവാവ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി കുടുങ്ങിയ ചെക്ക് കേസിൽ സഹായിച്ചുവെന്നാരോപിച്ചാണ് യൂസഫലിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും സഭ്യമല്ലാത്തതുമായ വാക്കുകളിൽ ചിലർ പ്രതികരണം നടത്തിയത്. തുടർന്ന് ലുലു ഗ്രൂപ്പ് നിയമനടപടി ആരംഭിച്ചു. ഇതിനെ തുടർന്നാണ് സൗദിയിൽ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അഭ്യർഥനയെ തുടർന്ന് പൊലീസ് ഇയാളെ മോചിപ്പിക്കുകയായിരുന്നുവെന്ന് ലുലു അധികൃതർ പറഞ്ഞു.

ബഹ്റൈനിലും യുഎഇയി നിരവധിപേർക്കെതിരെ ഇത്തരത്തിലുള്ള പരാതികൾ പൊലീസിന് നൽകിയിട്ടുണ്ട്. എന്നാൽ, പ്രതിസ്ഥാനത്തുള്ളവരുടെ നല്ലഭാവിയെ ഓർത്ത് കേസുമായി മുന്നോട്ട് പോകേണ്ടതില്ല എന്നാണ് തീരുമാനമെന്നും ലുലു അധികൃതർ അറിയിച്ചു.