മാടസ്വാമി – ചെറുകഥ

by News Desk 1 | January 11, 2019 11:20 pm

അനുജ കെ.

മലദേവര്‍നടയില്‍ തൊഴുതു മടങ്ങുന്നതിനായി കുറച്ചാളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നുണ്ട്. നാട്ടിലെ പ്രധാനപ്പെട്ട ആരാധനാ കേന്ദ്രമാണ് മലദേവര്‍നട. എണ്ണ, കര്‍പ്പൂരം, സാമ്പ്രാണി എന്നിവയുമായി ഞാനുമുണ്ടവിടെ. ഞാന്‍ കുടുംബ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചിട്ട് ഏകദേശം രണ്ടു മാസം. ഒരു മലയോര പ്രദേശത്തു നിന്നും നഗരത്തിലേക്ക് ചേക്കേറിയിരിക്കുകയാണ് ഞാന്‍. നഗരപ്രദേശമെങ്കിലും ഗ്രാമത്തിന്റെ പരിവേഷം തന്നെ. മലദേവന്‍മാരും പടയണിക്കോലങ്ങളും എല്ലാം നിറഞ്ഞ ഒരു നാട്. മലനടയില്‍ ഒന്നല്ല പ്രതിഷ്ഠ. മലദേവരുണ്ട്, ശിവനുണ്ട്, സര്‍പ്പക്കാവുണ്ട്, പാക്കനാരുണ്ട്…. ഇവിടെയെല്ലാം തൊഴുതു കഴിഞ്ഞാല്‍ വലിയ ഉരുളന്‍ കല്ലുകള്‍ക്കിടയില്‍ക്കൂടി കുറേ നടകള്‍ കയറേണ്ടി വരും. അവ കയറിച്ചെന്നാല്‍ വനദുര്‍ഗ്ഗയേയും മാടസ്വാമിയെയും കാണാം.

മാടസ്വാമിയെ തൊഴുമ്പോള്‍ എന്റെ മനസ് എപ്പോഴും എന്റെ സ്വന്തം ഗ്രാമത്തിലേക്ക് പോകും. അവിടെ പാറിപ്പറന്ന മുടിയും മുഷിഞ്ഞ വസ്ത്രവുമായി സൈക്കിളില്‍ പാഞ്ഞുപോകുന്ന ഒരു മാടസ്വാമിയുണ്ട്. ഞാനും എന്റെ സഹോദരങ്ങളും അയാളെ കൗതുകപൂര്‍വം നോക്കിനില്‍ക്കാറുണ്ടായിരുന്നു. അതിന് ഒരു കാരണമുണ്ട്. അയാളുടെ ഒരു ദിവസത്തെ ഭക്ഷണം പതിനാറു ബോണ്ടയാണത്രേ….! ബോണ്ടയെന്നാല്‍ ചെറിയ പന്തുപോലിരിക്കുന്ന എണ്ണയില്‍ വറുത്തെടുക്കുന്ന ഒരു പലഹാരമാണ്. ഇടുക്കിയിലെ ബോണ്ടയ്ക്ക് പത്തനംതിട്ടയിലെ ബോണ്ടയുടെ ഇരട്ടി വലിപ്പമുണ്ട്. ഒരെണ്ണം കഴിച്ചാല്‍ ഒരാളുടെ വയറു നിറയും. അപ്പോഴാണ് പതിനാറെണ്ണം.

അയാള്‍ ഒരു വരത്തനാണ്. സിറ്റിയിലെ ചായക്കടയില്‍ വിറകു കീറി കൊടുക്കലാണ് അയാളുടെ പണി. പ്രതിഫലമായി പതിനാറു ബോണ്ട. സിറ്റി എന്നാല്‍ മെട്രോ മാളുകളും മെഡിസിറ്റികളുമുള്ള വലിയ നഗരമൊന്നുമല്ല. ചെറിയ ചെറിയ കടകളും, കുരിശുപള്ളി, ക്ലിനിക്ക് എന്നിവയുമൊക്കെ ചേര്‍ന്നിരിക്കുന്ന ഒരു ചെറിയ പ്രദേശത്തിന് കേരളത്തിന്റെ കിഴക്കന്‍ ജില്ലയില്‍ സിറ്റി എന്നാണ് വിശേഷിപ്പിക്കുന്നത്.

മാടസ്വാമിയുടെ സൈക്കിളിനു പിന്നിലുമുണ്ട് ഒരു ചരിത്രം. അയാളുടെ ചക്കക്കുരു ബിസിനസിന്റെ ബാക്കിപത്രമാണ് സൈക്കിള്‍. ചക്കയുടെ സീസണുകളില്‍ പ്ലാവിന്റെ ചോടുകളില്‍ക്കൂടി ഒരു പഴയ ചാക്കുമായി നടക്കും. ചക്കക്കുരു ശേഖരിക്കുകയാണ് ലക്ഷ്യം. പെറുക്കിക്കൂട്ടിയ ചക്കക്കുരു ചാക്കില്‍ നിറച്ച് ഗ്രാമത്തിലെ വെയിറ്റിംഗ് ഷെഡ്ഡില്‍ കൊണ്ടിടും. വെയിറ്റിംഗ് ഷെഡ് ഉള്ളിടത്ത് ബസ് സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ ഷെഡ് മാടസ്വാമിക്ക് സ്വന്തം. ഷെഡിന്റെ ഒരു ഭാഗം തപാലാഫീസായി പ്രവര്‍ത്തിക്കുന്നു. ചക്ക സീസണ്‍ അവസാനിക്കുന്നതോടെ മാടസ്വാമിയുടെ ഷെഡ്ഡില്‍ ഒരു ചക്കക്കുരു മല രൂപപ്പെടും. ചക്കക്കുരു കൊണ്ടാണ് ആരോറൂട്ട് ബിസ്‌കറ്റ് ഉണ്ടാക്കുന്നത് എന്ന അഭ്യൂഹം നാട്ടില്‍ പാട്ടാണ്. കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ബിസ്‌കറ്റിന്റെ ഭാഗമാകാന്‍ മാടസ്വാമിക്ക് കഴിഞ്ഞതില്‍ എനിക്കും അഭിമാനമുണ്ട്.

മലദേവര്‍നടയിലെ ദേവര്‍ എന്റെ ഗ്രാമത്തില്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന വിറകുവെട്ടുകാരന്‍, ചക്കക്കുരു ബിസിനസുകാരന്‍ എന്നീ രൂപങ്ങളില്‍ അവതരിച്ചിരിക്കുകയാണോ എന്ന് എനിക്ക് സംശയം.

അനുജ കെ.

പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിലെ ലക്ചററാണ്. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിതകലാ അക്കാഡമി, കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടത്തിയ ആര്‍ട്ട് മാസ്‌ട്രോ കോംപറ്റീഷന്‍ ആന്‍ഡ് എക്‌സിബിഷനില്‍ സണ്‍ഫ്‌ളവര്‍, വയനാട്ടുകുലവന്‍ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Endnotes:
  1. ദിനേശൻ : അനുജ.കെ എഴുതിയ ചെറുകഥ: http://malayalamuk.com/dineshan-story-by-anuja-k/
  2. കട്ടന്‍കാപ്പി; അനുജ. കെ എഴുതുന്ന ചെറുകഥ: http://malayalamuk.com/black-coffee-short-story-by-anuja-k/
  3. സ്നേഹവിളി….. . അനുജ.കെ എഴുതിയ ചെറുകഥ: http://malayalamuk.com/snehavili-story-by-anjuja-k/
  4. വെളിച്ചപ്പാട് : അനുജ.കെ എഴുതിയ ചെറുകഥ: http://malayalamuk.com/velichapadu-story-by-anuja-k/
  5. യുവാക്കളുടെ വേർപാടിൽ വിതുമ്പി ഗ്രാമം !!! കൂട്ടുകാർ പോയതറിയാതെ അവർ യാത്ര തുടർന്നു; ജ്യേഷ്ഠനെ യാത്രയാക്കാൻ പോയി, അനുജൻ യാത്രയായി….: http://malayalamuk.com/perumbavoor-accident-death-follow-up/
  6. വ്യാകരണപാഠങ്ങള്‍ – ചെറുകഥ: http://malayalamuk.com/vyakarana-padangal-short-story/

Source URL: http://malayalamuk.com/madaswamy-short-story/