കേരളത്തിന്റെ സ്വന്തം കാശുമാങ്ങാ ഫെനിയുമായി കേരള സ്റ്റേറ്റ് കാശ്യൂ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാര്‍ക്കറ്റിലേക്കെത്തുന്നു. കശുമാങ്ങയില്‍ നിന്നും വിലയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ അറിയിച്ചു.

കശുമാങ്ങ കൊണ്ട് സോഡയും ജാമും തങ്ങള്‍ ഇപ്പോള്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഫെനി ഗോവയുടെ അടയാളമാണ് നമുക്കും അത് സ്വന്തമാക്കാനാകും. ഇത് സംബന്ധിച്ച പ്രൊജക്ട് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്തിമ അനുമതിക്കായി അയക്കുമെന്നും ജയമോഹന്‍ അറിയിച്ചു.

കശുമാങ്ങാ പള്‍പ്പ് ആറ് മാസം വരെ കേടാകാതിരിക്കും. ഫെനി ഉല്‍പ്പാദനത്തിന്റെ മുഖ്യ ചേരുവ ഈ പള്‍പ്പാണ്. കശുമാങ്ങയില്‍ നിന്നും സോഡ ഉല്‍പ്പാദിപ്പിച്ചതോടെ ഇത്രയും കാലം വേസ്റ്റായി കളഞ്ഞ ഒന്നില്‍ നിന്നും പണമുണ്ടാക്കാമെന്ന് ഞങ്ങള്‍ തെളിയിച്ചതാണ്. കശുമാവിന്റെ വിവിധ ഇനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. കൂടുതല്‍ ആളുകള്‍ അത് കൃഷി ചെയ്യാന്‍ തയ്യാറായി വരുന്നുമുണ്ട്. കശുമാവ് കൃഷിയുടെ വിസ്തൃതിയിലും ഉല്‍പ്പാദനത്തിലും മഹാരാഷ്ട്രയാണ് മുന്നില്‍. രാജ്യത്തെ കശുമാങ്ങാ കൃഷിയുടെ 18 ശതമാനം കൃഷിയിടത്തില്‍ നിന്നും 33 ശതമാനമാണ് ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കേരളത്തില്‍ ഇത് യഥാക്രമം 3.8 ശതമാനവും 10.79 ശതമാനവുമാണ്.

2008-09 കാലഘട്ടത്തില്‍ 42,000 മെട്രിക് ടണ്‍ കാശു ഉല്‍പ്പാദനം നടത്തിയിരുന്ന കേരളം ഇപ്പോള്‍ 25,600 മെട്രിക് ടണ്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ ഈ കാലയളവില്‍ കശുമാവ് കൃഷി 53,000 ഹെക്ടറില്‍ നിന്നും 39,700 ഹെക്ടറിലേക്ക് ചുരുങ്ങിയിരുന്നു.