അഗളി: മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴുപേര്‍ പിടിയില്‍. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ കടയുടമ ഉള്‍പ്പെടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തിനെ നിയോഗിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ നിര്‍ദേശം നല്‍കിയതായും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്നത് തൃശൂര്‍ ഐജിയാണെന്നും ബെഹ്‌റ മാധ്യമങ്ങളെ അറിയിച്ചു.

ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നവ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കേസ് വലിയ വിവാദം സൃഷ്ടിച്ചതോടെ ഐജി എംആര്‍ അജിത് കുമാര്‍ അട്ടപ്പാടിയിലേക്ക് തിരിച്ചു. അതേ സമയം മധുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടു പോകില്ലെന്ന നിലപാടിലാണ് മധുവിന്റെ അമ്മയും ബന്ധുക്കളും.

അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. എന്നാല്‍ മധുവിനെ നാട്ടുകാര്‍ മൃഗീയമായി മര്‍ദ്ദിച്ചു കൊന്നതാണെന്നും ഉത്തരവാദികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം അഗളി ആശുപത്രിയില്‍ നിന്നും മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മധുവിന്റെ അമ്മയും ബന്ധുക്കളും.