ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-വൈശാഖ് ചിത്രത്തിന് ‘മധുര രാജ’ എന്ന് പേരിട്ടു. മമ്മൂട്ടിയുടെ ഒഫിഷ്യല്‍ പേജിലൂടെയാണ് ടൈറ്റില്‍ പ്രഖ്യാപിച്ചത്. 2010ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. പുലിമുരുകന് ശേഷം വൈശാഖ്-ഉദയ കൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ സഖ്യം വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

പോക്കിരിരാജ റിലീസ് ചെയ്ത് 8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും വൈശാഖും അടുത്ത ചിത്രത്തിനായി ഒരുമിക്കുന്നത്.

പ്രിയരേ …
8 വര്‍ഷത്തെ കാത്തിരിപ്പാണ്,
മമ്മൂക്കയോടൊപ്പം വീണ്ടുമൊരു സിനിമ .
വലിയൊരു സ്വപ്നം കൂടിയായിരുന്നു അത് .
മധുരരാജ August 9 ന് തുടങ്ങുകയാണ് .
എല്ലാവരുടെയും പ്രാര്‍ത്ഥനകളും
അനുഗ്രഹവും ഉണ്ടാവണം .

ഹൃദയപൂര്‍വം,
വൈശാഖ് .

ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് വൈശാഖ് കുറിച്ചു. രണ്ടാഭാഗം പോക്കിരിരാജ എന്ന സിനിമയുടെ തുടര്‍ച്ചയല്ലെന്നും രാജാ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണെന്നും വൈശാഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ആദ്യ ഭാഗത്തിലെ പൃഥ്വിരാജ് അടക്കമുള്ള അഭിനേതാക്കള്‍ ചിത്രത്തിലുണ്ടാകുമോ എന്ന് വ്യക്തമല്ല.

ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരും, വിഎഫ്എക്സ് ടീമും, താരങ്ങളും സഹകരിക്കുന്ന ചിത്രം, മലയാളം , തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരേ സമയം ചിത്രീകരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പോക്കിരിരാജ, രാജാധിരാജ, പുലിമുരുകന്‍, രാമലീല, ഒടിയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാര്‍ തന്നെയാണ് മധുര രാജയുടെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഗോപി സുന്ദറാണ്.

അടുത്ത മാസം 9ന് ചിത്രീകരണം ആരംഭിക്കുന്ന മധുര രാജ നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മിക്കുന്നത്. ചിത്രം വിതരണത്തിന് എത്തിക്കുന്നത് യു.കെ സിനിമാസാണ്.