മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഒപ്പുവച്ചു. അധികാരമേറ്റുള്ള ആദ്യ നടപടിയായി കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള ഫയലിലാണ് കമൽനാഥ് ഒപ്പുവച്ചത്. രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളി. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രധാന വാഗ്ദാനമാണ് ഇതിലൂടെ നട‌പ്പാകുന്നത്. 15 വർഷത്തിനുശേഷമാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറുന്നത്.

വിശാലപ്രതിപക്ഷ നിരയുടെ കൈകോര്‍ത്തുപിടിച്ച്  കോണ്‍ഗ്രസ് മന്ത്രിസഭകള്‍ അധികാരമേറ്റു. രാജസ്ഥാനിലും മധ്യപ്രദേശിലും നടന്ന പ്രൗഡഗംഭീര ചടങ്ങുകളില്‍ പ്രതിപക്ഷനിരയിലെ ദേശീയ നേതാക്കള്‍ പങ്കെടുത്തു.

ഭോപ്പാലിലെ ജാമ്പുരി മൈതാനത്ത് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു മധ്യദേശത്ത് കോണ്‍ഗ്രസിന്റെ അധികാരപ്രവേശനം. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി കമല്‍നാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റു.

ജയ്പൂരിലെ ചരിത്രപ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളില്‍ രാവിലെ പതിനൊന്നുമണിക്ക് രാജക്കന്‍മാരുടെ നാട്ടിലെ മുഖ്യമന്ത്രിയായി അശോക് ഗെഹ്‍ലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു. ഇരുവര്‍ക്കും ഗവര്‍ണര്‍ കല്യാണ്‍സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു.

റായ്പൂരില്‍ വൈകിട്ട് അഞ്ചുമണിക്കായിരുന്നു മുഖ്യമന്ത്രി ഭൂപേഷ് ബഗേലിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബി.എസ്.പി അധ്യക്ഷ മായവതിയും, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും മാറിനിന്നത് പ്രതിപക്ഷ നിരയുടെ ശക്തിപ്രകടനത്തിനിടയിലും കല്ലുകടിയായി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയായിരുന്നു ചടങ്ങുകളിലെ ശ്രദ്ധാകേന്ദ്രം. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ ഡോ.മന്‍മോഹന്‍ സിങ്, എച്ച്.ഡി.ദേവെഗൗഡ, ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി തുടങ്ങി തെക്കുനിന്ന് വടക്കുവരെയുള്ള പ്രതിപക്ഷനിരയിലെ പ്രമുഖര്‍ ഭൂരിഭാഗവും ചടങ്ങുകള്‍ക്കെത്തി. മുന്‍ മുഖ്യമന്ത്രിമാരായ വസുന്ധരരാജെ സിന്ധ്യയും ശിവരാജ് സിങ് ചൗഹാനും രമണ്‍ സിങ്ങും അതതു സംസ്ഥാനങ്ങളിലെ ചടങ്ങുകളില്‍ പങ്കെടുത്തു.