രാജ്യത്തെ ഞെട്ടിച്ച സംഭവമാണ് മധ്യപ്രദേശിൽ ഇരട്ടകുട്ടികളെ തട്ടിക്കൊണ്ട് പോയി യമുന നദിയിൽ കെട്ടി താഴ്ത്തിയത്. ഫെബ്രുവരി 12ന് ചിത്രകൂട്ട് ജില്ലയിൽ സ്കൂൾവളപ്പിനുള്ളിൽ ബസിൽനിന്ന് തോക്കുചൂണ്ടിയാണ് ഇരട്ടക്കുട്ടികളെ തട്ടിയെടുത്തത്. എന്നാൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത് ഞായറാഴ്ച യുപിയിലെ ബാൻഡയിലുള്ള നദിയില്‍നിന്നുമാണ്.

സംഭവത്തിൽ ബജ്റംഗ്ദളിന്റെ പ്രവർത്തകനും പങ്കെന്ന് മധ്യപ്രദേശ് പൊലീസ്. ബജ്റംഗ്ദളിന്റെ മേഖലാ സംഘാടകനായ വിഷ്ണുകാന്ത് ശുക്ലയാണ് തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രകനെന്ന് റേവ ഐജി ചഞ്ചൽ ശേഖർ പറഞ്ഞു. ഫെബ്രുവരി 12ന് ചിത്രകൂട്ട് ജില്ലയിൽ സ്കൂൾവളപ്പിനുള്ളിൽ ബസിൽനിന്ന് തോക്കുചൂണ്ടിയാണ് ഇരട്ടക്കുട്ടികളെ തട്ടിയെടുത്തത്. ഇവരുടെ മൃതദേഹം ഞായറാഴ്ച യുപിയിലെ ബാൻഡയിലുള്ള നദിയില്‍നിന്നു കണ്ടെടുത്തു.

മുഖ്യ ആസൂത്രകനാണെങ്കിലും ഇയാൾ നേരിട്ടു കൃത്യത്തിൽ പങ്കെടുത്തില്ല. ഇയാളുടെ മുതിർന്ന സഹോദരൻ പദ്മ ശുക്ലയാണു തട്ടിക്കൊണ്ടുപോകലിനു നേതൃത്വം നൽകിയത്. സംഭവത്തിൽ ഉപയോഗിച്ച കാറും ബൈക്കും കണ്ടെടുത്തിട്ടുണ്ട്. ബൈക്കിന്റെ നമ്പർ പ്ലേറ്റിൽ ‘രാമരാജ്യം’ എന്ന് എഴുതിയിട്ടുണ്ടെന്നും വാഹനത്തിൽ ബിജെപിയുടെ പതാക ഉണ്ടെന്നും പൊലീസ് പറയുന്നു. യുപിയിൽനിന്നുള്ള രാജു ദ്വിവേദി, ലക്കി തോമർ, രോഹിത് ദ്വിവേദി, രാംകേഷ് യാദവ്, പിന്റു രാമസ്വരൂപ് യാദവ് എന്നി അഞ്ച് പേരും മധ്യപ്രദേശിൽനിന്നുള്ള പദ്മ ശുക്ലയുമാണ് പിടിയിലായിരിക്കുന്നത്. എല്ലാവരും 20 വയസ്സിനോടടുത്ത് പ്രായമുള്ളവരാണ്

പണം ലക്ഷ്യമിട്ടാണ് എണ്ണ വ്യാപാരിയായ ബ്രിജേഷ് റാവത്തിന്റെ ആറു വയസ്സുള്ള ഇരട്ടക്കുട്ടികളായ ശ്രേയാൻഷ്, പ്രിയൻഷ് എന്നിവരെ തട്ടിക്കൊണ്ട് പോയത്. സദ്ഗുരു പബ്ലിക് സ്കൂളിന്റെ ബസ് സ്കൂളിൽനിന്നു വിടാൻ തുടങ്ങുമ്പോഴാണ് മുഖംമൂടി ധരിച്ച 2 പേര്‍ ‌തോക്കുചൂണ്ടി കുട്ടികളെ ബൈക്കിൽ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ കുടുംബവുമായി പരിചയമുള്ള ഒരാൾക്കു ബന്ധമുണ്ടെന്ന സംശയം പൊലീസ് നേരത്തേ ഉന്നയിച്ചിരുന്നു.

കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് വിജയിച്ചില്ല. ആദ്യം 20 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ചോദിച്ചത്. ഇതു നൽകിയതോടെ ഒരു കോടി രൂപ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് കുട്ടികളെ വധിച്ചത്.

കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതിനുശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനായത്. കുട്ടികളെ ട്യൂഷൻ‍ പഠിപ്പിച്ചിരുന്ന രാംകേഷ് യാദവടങ്ങിയ സംഘമാണ് തട്ടിക്കൊണ്ട് പോയത്. ഇയാൾ ഉൾപ്പടെ ആറ് പേർ പൊലീസ് കസ്റ്റഡിയിലാണ്.

മോചനദ്രവ്യം ആവശ്യപ്പെട്ടു പിതാവിനെ പ്രതികൾ വിളിച്ചതു പല ഫോണുകളിൽനിന്ന്. വഴിയാത്രക്കാരായ പലരുടെ ഫോണിൽനിന്നാണ് ഈ വിളികൾ വന്നിരിക്കുന്നത്. ഇതിൽ ഒരാൾക്കു പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് ഇവർ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ അടക്കം ഫോട്ടോ എടുത്തു പൊലീസിൽ നൽകുകയായിരുന്നു. ഇതുവഴിയാണു പ്രതികളിലേക്ക് എത്തിയത്.

പദ്മയും ലക്കി എന്നയാളാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതി തയാറാക്കിയത്. തിരിച്ചറിയുമെന്ന ഭീതിയിലാണ് കുട്ടികളെ നദിയിൽ കല്ലിൽ കെട്ടി കൊണ്ടിട്ടതെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

ഇരട്ടക്കുട്ടികളെ പരസ്പരം ബന്ധിച്ച് വലിയ കല്ലുകൾകൊണ്ട് കൂട്ടിക്കെട്ടിയാണു യമുന നദിയിൽ ഒഴുക്കിയത്. കുട്ടികളെ മർദ്ദിച്ചിരുന്നോയെന്ന വിവരം പോസ്റ്റ്മോർട്ടത്തിനുശേഷമേ അറിയാനാകൂ. ബാൻഡയിലാണു പോസ്റ്റ്മോർട്ടം നടക്കുക.

സംഭവം വിവാദമായതോടെ പരസ്പരം പഴിചാരി രാഷ്ട്രീയ പാർട്ടികൾ രംഗത്തെതി. പ്രതികളിൽ ചിലർ ബിജെപി നേതാക്കളുടെയൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. എന്നാൽ കേസ് സിബിഐക്ക് കൈമാറണമെന്ന് മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ ആവശ്യപ്പെട്ടു.