കേരളത്തിലുള്ളവര്‍ക്ക് ഇനി മാഹിയില്‍ നിന്ന് മദ്യം വാങ്ങാന്‍ കഴിയില്ല. മാഹി സ്വദേശികള്‍ക്ക് മാത്രം മദ്യം നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മദ്യം വാങ്ങാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ഇത് പ്രകാരം മാഹിയിലെ വിലാസമുള്ളവര്‍ക്ക് മാത്രമേ ഇനി മാഹിയില്‍ നിന്ന് മദ്യം ലഭ്യമാകൂ.

ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് ശേഷം തിങ്കളാഴ്ച മുതല്‍ മാഹിയില്‍ മദ്യക്കടകള്‍ തുറന്നിരുന്നു. അതെസമയം സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറായി. ബെവ് ക്യൂ (bev Q) എന്ന പേരിട്ടിരിക്കുന്ന ആപ്പിന്റെ സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങും ഇപ്പോള്‍ നടന്നു വരികയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മദ്യവില്‍പ്പന പുനരാരംഭിക്കും.

സുരക്ഷ പരിശോധനയ്ക്കായി ഗൂഗിളിന് ആപ്പ് കൈമാറിയിരിന്നു. ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിക്കുന്നതിന് പിന്നാലെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മദ്യശാലകള്‍ വഴി മദ്യം ലഭിച്ച് തുടങ്ങും.ഒരു സമയം 50 ലക്ഷം പേര്‍ കയറി മദ്യം ബുക്ക് ചെയ്താലും ആപ്പ് ഹാങ് ആകാത്ത തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പേരും ഫോണ്‍ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും നല്‍കി മദ്യം ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുമ്പോള്‍ ലഭ്യമാകുന്ന ടോക്കണില്‍ മദ്യം ലഭ്യമാകുന്ന ഔട്ട് ലെറ്റും സമയവും ലഭിക്കും.

അനുവദിക്കപ്പെട്ട സമയത്ത് ഔട്ട് ലെറ്റുകളില്‍ എത്തി പണം നല്‍കി മദ്യം വാങ്ങാം. അനുവദിച്ച സമയത്ത് മദ്യം വാങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസം മാത്രമേ മദ്യം വാങ്ങാന്‍ കഴിയൂ. ഒരാള്‍ക്ക് പരമാവധി 3 ലീറ്റര്‍ വരെ മദ്യമാണ് ലഭിക്കുക. ബാറുകളില്‍ നിന്നടക്കം സര്‍ക്കാര്‍ വിലയ്ക്ക് മദ്യം ലഭിക്കും. മദ്യം വാങ്ങാനെത്തുന്നവര്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. ബാറിലിരുന്ന് മദ്യപിക്കാന്‍ അനുമതിയില്ല.

കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് എസ്എംഎസ് വഴി മദ്യം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതും ബെവ്‌കോ ആലോചിക്കുന്നുണ്ട്.