കൊച്ചി: മരടില്‍ അനധികൃത ഫ്ലാറ്റുകള്‍ മാത്രമല്ല, നിരവധി ആളുകളുടെ ജീവിത സ്വപ്നങ്ങള്‍ കൂടിയാണ് മണ്ണോട് അടിഞ്ഞ്. നിരവധി സാധാരണക്കാര്‍ക്കൊപ്പം നടന്‍ സൗബിന്‍ സൗഹിര്‍, സംവിധായകരായ മേജര്‍ രവി, ബ്ലസി, ആന്‍ അഗസ്റ്റിന്‍-ജോമോന്‍ ടി ജോണ്‍ തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ക്കും ഇവിടെ ഫ്ലാറ്റുകളുണ്ട്. കടം മേടിച്ചും ലോണ്‍ എടുത്തും ഫ്ലാറ്റ് വാങ്ങിയവരാണ് ഇവരില്‍ ഏറെയും.

വര്‍ഷങ്ങളോളം താമസിച്ച ഫ്ലാറ്റ് ഇടിഞ്ഞു വീഴുന്നത് കാണാന്‍ ശേഷിയില്ലാതെ പലരും ഇന്നലെ മരടില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. അതീവ ദുഃഖമുണ്ടെങ്കിലും എന്തുവന്നാലും ഞങ്ങള്‍ തിരിച്ചു വരുമെന്നാണ് മേജര്‍ രവി ഇന്നലെ മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടത്. അതൊരു വാശിയാണെന്നും അദ്ദേഹം പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ച് താമസിച്ച സ്ഥലമാണ് ഇത്. എന്തുവന്നാലം അവസാനം വരെ ഒന്നിച്ചു നില്‍ക്കും. ഞങ്ങള്‍ തിരിച്ചു വരും. അതൊരു വാശിയാണ്. ഞങ്ങള്‍ക്കെല്ലാം അവകാശപ്പെട്ട ഭൂമിയാണ് ഇത്. ഇത് വീണ്ടെടുക്കുന്നതിന് സര്‍ക്കാറിന് പ്രത്യേക അപേക്ഷ നല്‍കുമെന്നും മേജര്‍ രവി പറയുന്നു.

ഇവിടെയല്ലെങ്കില്‍ എവിടെയായാലും ഒന്നിച്ചു നില്‍ക്കാന്‍ തന്നെയാണ് തീരുമാനം. അത്രയ്ക്ക് അടുപ്പമായിരുന്നു ഞങ്ങളെല്ലാവരും. ഞങ്ങളുടേതായ കാരണത്താലല്ല ഈ ദുരന്തം ഉണ്ടായത്. ഞങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ഏറ്റവും ഒടുവിലാണ്. എങ്കിലും ഈ മണ്ണ് ഞങ്ങളുടേതാണ്. എന്നെങ്കിലും ഇവിടെത്തന്നെ തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാലിന്‍റെ ആദ്യ ഷോട്ട്

തകര്‍ന്നു വീണ എച്ചു ടു ഒ ഹോളി ഫെയ്ത്തിന്‍റെ ടെറസില്‍ വെച്ചായിരുന്നു തന്‍റെ സിനിമയായ കര്‍മയോദ്ധയില്‍ മോഹന്‍ലാലിന്‍റെ ആദ്യ ഷോട്ടെടുത്തതെന്നും മേജര്‍ രവി ഓര്‍ത്തെടുത്തു. സമീപവാസികള്‍ക്കും മറ്റുള്ളവര്‍ക്കും നാശനഷ്ടമുണ്ടാക്കാതെ ഫ്ലാറ്റ് പൊളിക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

ഞങ്ങളെ മാനസികമായി തകര്‍ക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞേക്കും, എന്നാല്‍ ഞങ്ങളുടെ അധ്വാനശേഷിയും ഇച്ഛാശക്തിയും തകര്‍ക്കാനാവില്ല. ആ ഒരുമയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. താന്‍ നാട്ടിലില്ലാത്ത ഘട്ടത്തിലും നഗരത്തില്‍ തന്നെ തനിക്ക് വേണ്ടി വീട് നിര്‍മിക്കാന്‍ മേല്‍നോട്ടം വഹിച്ചത് ഫ്ലാറ്റിലുള്ള സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്ലാറ്റ് പൊളിക്കുന്നത് കാണാന്‍ താല്‍പര്യം ഇല്ലാതിരുന്നതിനാല്‍ തലേന്ന് തന്നെ കുണ്ടന്നൂരില്‍ നിന്ന് അല്‍പം അകലെയായി കണ്ണാടിക്കാട് വെഞ്ച്യൂറ ഹോട്ടലില്‍ മുറിയെടുത്ത് തങ്ങുകയായിരുന്നു മേജര്‍ രവി അടക്കമുള്ളവര്‍. ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായുള്ള നടപടികള്‍ ടിവിയിലാണ് ചിലര്‍ കണ്ടത്.

ചര്‍ച്ചകള്‍ നടക്കുമ്പോള്‍

ഫ്ലാറ്റ് തകര്‍ക്കുന്നതിനെ സംബന്ധിച്ച് ചാനലുകളില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഉള്ളു നീറുകയായിരുന്നെങ്കിലും ഫ്ലാറ്റില്‍ ഒന്നിച്ച് ചെലവഴിച്ച നിമിഷങ്ങള്‍ പങ്കുവെച്ച് സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. സ്ഫോടന മുന്നറിയിപ്പായി ആദ്യ സൈറണ്‍ മുഴങ്ങിയെന്ന വാര്‍ത്ത വന്നതോടെയാണ് സംഘം ഹോട്ടിലിന്‍റെ ടെറസിലേക്ക് നീങ്ങിയത്.

11.16 ന് അവസാന സൈറണ്‍ മുഴങ്ങി നിമിഷാര്‍ധം കൊണ്ട് ഫ്ലാറ്റ് തകര്‍ന്നു വീണത് കണ്ട് ജയകുമാര്‍ വള്ളിക്കാവ് അറിയാതെ വിതുമ്പി പോയപ്പോള്‍ മേജര്‍ രവിയാണ് ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ചത്. എല്ലാം കഴിഞ്ഞതിന് ശേഷമാണ് ജയകുമാറും മേജര്‍ രവിയും പൊളിഞ്ഞു വീണ ഫ്ലാറ്റിന് സമീപത്തേക്ക് എത്തിയത്.

തകര്‍ന്ന ഗേറ്റിന് താഴെ

തകര്‍ന്ന ഗേറ്റിന് താഴെ താഴും ചങ്ങലയും കിടക്കുന്നത് ജയകുമാറിന്‍റെ ശ്രദ്ധയിപ്പെട്ടത് അപ്പോഴാണ്. ഞങ്ങളുടെ ജീവനും സ്വത്തിനും അത്രയും നാള്‍ സംരക്ഷണം നൽകിയ താഴും ചങ്ങലയും കണ്ടപ്പോള്‍ ജയകുമാര്‍ അത് എടുത്തുവെച്ചു. വീട്ടിലിതു ഭദ്രമായി വയ്ക്കുമെന്നും ജീവിതത്തിൽ ഇനിയും വഞ്ചിക്കപ്പെടാതിരിക്കാൻ ഇടയ്ക്കിടെ എടുത്തു നോക്കുമെന്നും ജയകുമാര്‍ പറഞ്ഞു.