കെറ്ററിംഗിന്റെ അഭിമാനമായി ഉയര്‍ന്നു വന്നിരിക്കുന്ന മാക് എന്ന മലയാളി അസോസിയേഷന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ശങ്കര്‍ നിര്‍വഹിച്ചു. ഈ കഴിഞ്ഞ സെപ്തംബര്‍ പതിനാറാം തീയതി നടന്ന ഈ ചടങ്ങില്‍ കെറ്ററിംഗിന്റെ ബഹുമാനപ്പെട്ട മേയര്‍ കൗണ്‍സിലര്‍ സ്‌കോട്ട് എഡ്വേഡ്‌സ് ട്യൂണ്‍ ഇഫ് ആര്‍ട്‌സ് നയിച്ച ഓണപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

ചെണ്ടമേളവും താലപ്പൊലിയുമായി ആനയിച്ച അതിഥികളെ വിസ്മയിപ്പിക്കാന്‍ ഓണത്തിന്റെ തനതു കലാരൂപങ്ങള്‍ ഒരുക്കി കെറ്ററിംഗിലെ കലാകാരന്മാരും കലാകാരികളും ഒരുങ്ങി. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം മെറിന്‍ മെന്റ്‌സിന്റെ നേതൃത്വത്തില്‍ 12
സുന്ദരികള്‍ അവതരിപ്പിച്ച തിരുവാതിരകളി നയനമനോഹരം ആയിരുന്നു. പിന്നീട് നടന്നത് കാണികളെ വിസ്മയത്തിലാറാടിച്ച കലാരൂപങ്ങള്‍ ആയ്യിരുന്നു. ജിഷ സത്യന്‍ അവതരിപ്പിച്ച ക്ലാസിക്കല്‍ ഡാന്‍സ്, ജിസ് ടോണി ഒരുക്കിയ ഫാഷന്‍ ഷോ ആന്‍ഡ് റാമ്പ് വോക്കിങ്, ജിബി സുജിത്തിന്റെ ശിക്ഷണത്തില്‍ കൊച്ചുകുട്ടികള്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ് എന്നിവ അവയില്‍ ചിലതു മാത്രംആണ്.

GCSE ക്ക് ഉന്നത വിജയം നേടിയ പ്രണവ് സുധീഷിനെയും എ ലെവല്‍ ഉന്നതവിജയം നേടിയ ജെറ്റോ ടോമിയെയും സ്‌പെഷ്യല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ മെറിന്‍ മെന്റ്‌സിനെയും പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു. തുടര്ന്നു നടന്ന Raffle Draw യില്‍ ഒന്നാം സമ്മാനമായ Challenge ബൈക്കിന് അര്‍ഹനായത് ഷൈജു ഫിലിപ്പ് ആണ്. രണ്ടാം സമ്മാനമായ Kenwood ടോസ്റ്ററിന് അര്‍ഹനായത് Northamptonല്‍ നിന്നുള്ള അജേഷ് ആണ്. സ്പൈസി നെസ്റ്റ് കെറ്ററിംഗ് ഒരുക്കിയ രുചികരമായ ഓണസദ്യ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.

പരിപാടികള്‍ തീരുന്നതുവരെ ആസ്വദിച്ച സിനിമാതാരം ശങ്കറും മേയറും മറ്റു അതിഥികളും എല്ലാ കലാകാരന്മാരെയും അനുമോദിക്കുകയും പരിപാടികള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയവ ആയിരുന്നുഎന്ന് അറിയിക്കുകയും ചെയ്തു. ഒരിക്കലും മറക്കാനാവാത്ത ഓണം ഓര്‍മകള്‍ മനസ്സില്‍ സൂക്ഷിച്ചു വച്ച് ആറരയോടെ പരിപാടികള്‍ സമാപിച്ചു.