സിന്ധു ഉണ്ണി/ മുരളി പിള്ള/ ദിനേശ്

മാഞ്ചസ്റ്റര്‍/നോട്ടിങ്ഹാം/ കവന്‍ട്രി: മകരം പുലരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ബ്രിട്ടനില്‍ മകരസംക്രമ പൂജയുടെ സായൂജ്യത്തില്‍ ഭക്തമനസുകള്‍ കര്‍പ്പൂര നാളമായി ഭഗവദ് പാദത്തില്‍ സായൂജ്യ പുണ്യം നുകര്‍ന്നു. മകരസംക്രമ പൂജയ്ക്ക് ശബരിമലയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയ വേളയിലാണ് ബ്രിട്ടനില്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മൂന്നിടങ്ങളില്‍ ഒരേ സമയം സ്വാമി അയ്യപ്പന് സംക്രമ പൂജ നടന്നത്. മാഞ്ചസ്റ്റര്‍, നോട്ടിങ്ഹാം, കവന്‍ട്രി എന്നിവിടങ്ങളില്‍ ഹിന്ദു സമാജം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച അയ്യപ്പ പൂജയില്‍ മറുനാട്ടുകാരുടെ സാന്നിധ്യവും ശ്രദ്ധ നേടി. മൂന്നിടത്തുമായി നൂറു കണക്കിന് അയ്യപ്പ ഭക്തരുടെ സാന്നിധ്യവും ശ്രദ്ധേയമായി. മാഞ്ചസ്റ്ററില്‍ വലിയ ഒരുക്കങ്ങളോടെ നടത്തപ്പെട്ട അയ്യപ്പ പൂജയില്‍ മുന്നൂറിലേറെ ഭക്തരാണ് ആദ്യാവസാനം പങ്കെടുത്തത്. മലയാളി കൂടിയായ ക്ഷേത്രം മേല്‍ശാന്തി പ്രസാദ് ഭട്ടിന്റെ നേതൃത്വത്തിലാണ് രാധാകൃഷണ ക്ഷേത്രത്തില്‍ സംക്രമ പൂജ നടന്നത്.

സാധാരണ വര്‍ഷങ്ങളില്‍ ജനുവരി പാതിയില്‍ കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും പതിവാകുന്നത് ഇത്തവണ മാറിനിന്ന അനുകൂല സാഹചര്യത്തെ ഭഗവദ് കടാക്ഷമായി സ്വീകരിച്ച ഭക്തരുടെ വലിയ തോതിലുള്ള പങ്കാളിത്തം തന്നെയാണ് സംക്രമ പൂജയെ സവിശേഷമാക്കിയത്. മാഞ്ചസ്റ്ററില്‍ കൊടിമരവും ഗജവീരനും സാക്ഷിയാക്കിയാണ് പൂജ ചടങ്ങുകള്‍ക്ക് തുടക്കമായത്. കൊടിമര പൂജയോടെ തുടങ്ങിയ ചടങ്ങുകളില്‍ താലപ്പൊലിയുമായി സ്ത്രീകളും കുട്ടികളും ഒരു ഭാഗത്തു അണിനിരന്നപ്പോള്‍ മറുഭാഗത്തു പുരുഷന്മാര്‍ ചെണ്ടമേളത്തോടെ ഗജവീരനെ ആനയിച്ചു എത്തിക്കുകയായിരുന്നു. പ്രതീക്ഷിച്ചതിലും കവിഞ്ഞ ജനസഞ്ചയമാണ് മാഞ്ചസ്റ്റര്‍ മകരവിളക്കുത്സവത്തെ ദീപ്തമാക്കിയത്. ഗണപതി പൂജയോടെ ആരംഭിച്ച പൂജ ചടങ്ങുകള്‍ സമൂഹ അഷ്ടോത്തര അര്‍ച്ചനയടക്കം വൈവിധ്യമാര്‍ന്ന മണിക്കൂറുകളാണ് ഭക്തമനസുകള്‍ക്കു സമ്മാനിച്ചത്.

വിളക്ക് പൂജയ്ക്കു അര്‍ച്ചന ചെയ്യാന്‍ എത്തിയവരുടെ തിരക്ക് മൂലം മൂന്നു വരികള്‍ ക്രമീകരിച്ചാണ് എല്ലാവരെയും ഉള്‍പ്പെടുത്തിയത്. അഭിഷേക നിറവില്‍ അയ്യപ്പ സ്വാമിക്ക് നടന്ന പൂജകള്‍ ഏറെ ചൈതന്യം നിറഞ്ഞതായി ചടങ്ങില്‍ പങ്കെടുത്തവര്‍ ഒരേവിധം സൂചിപ്പിച്ചത് ഇത്തവണത്തെ ചടങ്ങുകള്‍ക്കായി അഹോരാത്രം പരിശ്രമിച്ച സംഘടനാ ഭാരവാഹികള്‍ക്കുള്ള അംഗീകാരം കൂടിയായി മാറി. പടിപൂജയും ഹരിവരാസനവുമായി മണിക്കൂറുകള്‍ നീണ്ട സംക്രമ പൂജ കൊടിയിറങ്ങിയപ്പോള്‍ സമാജം തയ്യാറാക്കിയ ആരവണയും അപ്പവും പ്രത്യേകം ഡപ്പികളിലാക്കി ചടങ്ങിന് എത്തിയവര്‍ക്കെല്ലാം ഓരോ കിറ്റ് സമ്മാനമായും ലഭിച്ചു. വ്രതശുദ്ധിയോടെ സംക്രമ പൂജ തൊഴാന്‍ എത്തിയവര്‍ക്ക് നാട്ടില്‍ അയ്യപ്പ പൂജയില്‍ പങ്കെടുത്തതു പോലെയുള്ള അനുഭവമാണ് പങ്കുവയ്ക്കാനായത്. അന്നദാനവും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

നോട്ടിങ്ഹാമില്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ഹിന്ദു സമാജം നേതൃത്വം നല്‍കിയ മകര സംക്രമ അയ്യപ്പ പൂജയിലും ഏറെപ്പേരുടെ സാന്നിധ്യം പ്രത്യേകതയായി മാറി. മലയാളികള്‍ക്ക് പുറമെ അന്യനാട്ടുകാരും ഏറെ എത്തിയതും അയ്യപ്പ പൂജയില്‍ ആവേശമായി. നോട്ടിങ്ഹാമില്‍ നടന്ന പൂജയിലും സമൂഹാര്‍ച്ചനയും വിളക്കുപൂജയും പടിപൂജയും ഒക്കെ അയ്യപ്പ ഭക്തരുടെ നിറസാന്നിധ്യം കൊണ്ട് ധന്യമായി. വൈകുന്നേരം ആരംഭിച്ച ചടങ്ങുകള്‍ രാത്രിയോടെയാണ് സമാധാനമായത്. ചടങ്ങുകള്‍ക്കൊടുവില്‍ മഹാപ്രസാദമായി അന്നദാനവും നടന്നു.

കവന്‍ട്രി ഹിന്ദു സമാജം സംഘടിപ്പിച്ച മകര സംക്രമ പൂജ ക്ഷേത്രാചാര ചടങ്ങുകളുടെ പവിത്രതയിലാണ് ശ്രദ്ധിക്കപ്പെട്ടത്. പ്രത്യേക അയ്യപ്പ വിഗ്രഹത്തില്‍ ദേവ ചൈതന്യം ആവാഹിച്ചു വിഭൂതി ചാര്‍ത്തിയാണ് ഇല്ലൈ കാന്തന്‍ ക്ഷേത്രം മേല്‍ശാന്തി പ്രദീപ് അടികള്‍ ചടങ്ങുകള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് പഞ്ചാമൃതവും പനിനീരും കരിക്കും പാലും തേനും നെയ്യും കളഭവും മഞ്ഞളും അടക്കം നവാഭിഷേകം നടത്തിയാണ് ദേവചൈതന്യത്തില്‍ പൂജകള്‍ നടന്നത്. തുടര്‍ന്ന് നടന്ന ഭജനയ്ക്ക് ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഡെര്‍ബി ഹിന്ദു സമാജം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. അഷ്ടോത്തര അര്‍ച്ചനയും സമര്‍പ്പണവും വിളക്ക് പൂജയും നടന്ന ശേഷം പടിപൂജയും നടത്തിയാണ് അയ്യപ്പ സ്വാമിക്കു ദീപാരാധന നടന്നത് ശാസ്താ ദശകത്തിലെ ലോകവീര്യം മഹാപൂജ്യം ചൊല്ലി സാഷ്ടാംഗ സമര്‍പ്പണം നടത്തി സമസ്താപരാധങ്ങള്‍ക്കും ക്ഷമചൊല്ലിയാണ് ഭക്തര്‍ സ്വാമി കടാക്ഷം തേടിയത്. തുടര്‍ന്ന് അര്‍ച്ചനകളും ദീപ പൂജയും നടത്തിയാണ് ഹരിവരാസനം ചൊല്ലി നടയടച്ചത്. ഏറെ ചൈതന്യ ധന്യമായ അന്തരീക്ഷമാണ് കവന്‍ട്രി മകരസംക്രമ പൂജയില്‍ ദൃശ്യമായത്. അപ്പവും പ്രസാദവും ഭക്തര്‍ക്ക് നല്‍കിയ ശേഷം അന്നദാനവും നടന്നു.