വയനാട്ടില്‍ നവദമ്പതികളുടെ കൊലപാതകം; രണ്ടു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതി പിടിയിൽ

വയനാട്ടില്‍ നവദമ്പതികളുടെ കൊലപാതകം; രണ്ടു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതി പിടിയിൽ
September 21 09:56 2018 Print This Article

വയനാട്ടില്‍ നവദമ്പതികളെ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസില്‍ കോഴിക്കോട് സ്വദേശി പിടിയിലായി. വെള്ളമുണ്ട മക്കിയാട് പൂവരഞ്ഞി വാഴയില്‍ മൊയ്തുആയിഷ ദമ്ബതികളുടെ മകന്‍ ഉമ്മറും (26), ഭാര്യ ഫാത്തിമ (19)യുമാണ് കഴിഞ്ഞ ജൂലായ് ആറിന് കിടപ്പ്മുറിയില്‍ അതിക്രൂരമായി വീട്ടില്‍ വെട്ടേറ്റ് മരിച്ചത്. വിവാഹം നടന്ന മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ദമ്ബതികള്‍ കൊല ചെയ്യപ്പെടുന്നത്.

കോഴിക്കോട് ജില്ലയിലെ തൊട്ടില്‍പ്പാലം മരുതോറയില്‍ കലണ്ടോട്ടുമ്മല്‍ വിശ്വനാഥനെയാണ് (45) അറസ്റ്റ് ചെയ്തത്. രണ്ടു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷണശ്രമത്തിനിടെയാണ് വിശ്വനാഥന്‍ ദമ്പതികളെ കൊലപ്പെടുത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍. കറപ്പസാമി പറഞ്ഞു. പ്രതിയെ ഇന്നലെ ദമ്പതികളുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല നടത്താന്‍ ഉപയോഗിച്ച ഇരുമ്പ് വടി വീട്ടില്‍ നിന്ന് അമ്പത് മീറ്റര്‍ മാറി കവുങ്ങില്‍ തോട്ടത്തിലെ ചാലില്‍ നിന്ന് കണ്ടെടുത്തു.

തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കമ്പിവടി. പ്രതി വിശ്വനാഥന്‍ നിരവധി മോഷണക്കേസില്‍ പ്രതിയാണ്. മുമ്പ് ശിക്ഷ അനുഭവിച്ചിട്ടുമുണ്ടെന്ന് പൊലീസ് പറയുന്നു. ഫാത്തിമയുടെ കാണാതായ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. അഞ്ച് മാസം മുമ്പായിരുന്നു ഉമ്മറിന്റെയും ഫാത്തിമയുടെയും വിവാഹം. മാനന്തവാടി ചെറ്റപ്പാലം സ്വദേശിയാണ് ഫാത്തിമ. മാനന്തവാടി ഡി.വൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ 28 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.

തലയിലേറ്റ അതിശക്തമായ അടി കാരണം ദമ്പതികളുടെ തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. തെളിവുകള്‍ ഒന്നും ലഭിക്കാത്ത തരത്തിലായിരുന്നു കൊലപാതകം. വീടും പരിസരവും മുളക് പൊടി വിതറുകയും ചെയ്തു. ഫാത്തിമയുടെ മാല, മൂന്ന് വളകള്‍, ബ്രേസ്ലെറ്റ്, രണ്ട് പാദസരങ്ങള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. കേസിലെ പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനാല്‍ പൊലീസിന് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു.

യു.ഡി.എഫിന്റെ നേതൃത്വത്തില്‍ തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളില്‍ ഹര്‍ത്താലും നടത്തുകയുണ്ടായി. നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുക്കുമ്പോഴാണ് പ്രതിയെ പിടികൂടുന്നത്. കവര്‍ന്ന സ്വര്‍ണം കണ്ടെടുക്കാന്‍ പ്രതിയെ കുറ്റ്യാടിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കുറ്റ്യാടിയിലെ സ്വര്‍ണപ്പണിക്കാരനാണ് പ്രതി സ്വര്‍ണം വിറ്റത്. ഈ സ്വര്‍ണവും കണ്ടെത്തി.

സംഭവം നടന്ന ദിവസം ഹോള്‍സെയില്‍ ആയി ലോട്ടറി വിറ്റു വരികയായിരുന്നു. രാത്രി മദ്യ ലഹരിയില്‍ മടങ്ങുമ്പോള്‍ വെള്ളമുണ്ടയിലെ വീട്ടില്‍ വെളിച്ചം കണ്ടു. അന്യരുടെ കിടപ്പു മുറികളില്‍ ഒളിഞ്ഞു നോക്കുന്ന സ്വഭാവമുള്ള പ്രതി ഈ ലക്ഷ്യവുമായാണ് ഇവിടെ ഇറങ്ങിയത്. വീട്ടിലെത്തി നോക്കുമ്പോള്‍ ദമ്പതികള്‍ ഉറങ്ങിക്കിടക്കുന്നതു കണ്ടു. വീടിനു പിറകിലെത്തി ബലക്ഷയമുള്ള വാതില്‍ തള്ളിതുറന്ന് അകത്തു കയറി ഫാത്തിമയുടെ ശരീരത്തില്‍ നിന്ന് ആഭരണങ്ങള്‍ എടുക്കുമ്പോള്‍ യുവതി നിലവിളിച്ചു. ഉറക്കമുണര്‍ന്ന ഉമ്മര്‍ വിശ്വനാഥനെ തടയാന്‍ ശ്രമിച്ചു. ഈ സമയം ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles