മലപ്പുറത്ത് കിണറ്റിൽ കാല് തെറ്റിവീണ് പ്ലസ് ടൂ വിദ്യാർത്ഥി രാഹുൽ മരിച്ചു. കിണറ്റില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ കൂടെ ചാടിയ കൗമാരക്കാരനെ രക്ഷപ്പെടുത്തി. വീണു മരിച്ച കൂട്ടുകാരനുമായി കിണറ്റിനകത്ത് കഴിയേണ്ടി വന്നത് ഒരു രാത്രി മുഴുവനും ആയിരുന്നു. പുലര്‍ച്ചെ കിണറിന് സമീപമെത്തിയ നാട്ടുകാര്‍ നിലവിളി കേട്ടാണ് പ്‌ളസ് ടൂവിന് പഠിക്കുന്ന പയ്യനെ രക്ഷപ്പെടുത്തിയത്. പിന്നീട് ഇയാള്‍ നല്‍കിയ വിവരം വെച്ച്‌ കൂട്ടുകാരന്റെ മൃതദേഹം അഗ്നിശമനസേനാ വിഭാഗം കണ്ടെത്തി.

എളങ്കൂര്‍ ചെറാംകുത്ത് പടിഞ്ഞാറേ കളത്തില വേലുക്കുട്ടിയുടെ മകന്‍ രാഹുലാണ് സംഭവത്തില്‍ മരണമടഞ്ഞത്. അരുണാണ് കൂട്ടുകാരനെ രക്ഷപ്പെടുത്താന്‍ കഴിയാതെ മൃതദേഹവുമായി കിണറ്റില്‍ 12 മണിക്കൂറിലധികം ചെലവഴിച്ചത്. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയായിരുന്നു. ഇരുവരും നടന്നു വരുമ്പോൾ അടങ്ങുംപുറം ക്ഷേത്രപരിസരത്തുളള ആള്‍മറയില്ലാത്ത കിണറ്റില്‍ രാഹുല്‍ അബദ്ധത്തില്‍ വീണുപോകുകയായിരുന്നു. ഉടന്‍ രക്ഷിക്കാനായി അരുണ്‍ കിണറ്റിലേക്ക് ചാടിയെങ്കിലും രാഹുലിനെ രക്ഷിക്കാനായില്ല.

പകച്ചുപോയ അരുണ്‍ രാവിലെ ഏഴരവരെ കിണറ്റിനകത്ത് കഴിച്ചു കൂട്ടുകയായിരുന്നു. രാവിലെ കിണറ്റിനുള്ളില്‍ നിന്നും രക്ഷിക്കണേയെന്നുള്ള കരച്ചില്‍ കേട്ട സമീപവാസികളായ സ്ത്രീകള്‍ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മഞ്ചേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി അരുണിനെ രക്ഷപ്പെടുത്തി. അരുണ്‍നല്‍കിയ വിവരം അനുസരിച്ച്‌ അഗ്നിശമന സേനാംഗങ്ങള്‍ കിണറ്റിലിറങ്ങി തിരച്ചില്‍ നടത്തുകയും ഒമ്ബതു മണിയോടെ രാഹുലിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. അരുണിനെ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.