മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസിക്കെതിരെ നടി അനുശ്രീ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനുശ്രീ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അനുശ്രീയുടെ വാക്കുകളിങ്ങനെ… 

ആ സംഘടനയെക്കുറിച്ച് മോശം പറയുന്നതോ അവരുടെ കൂട്ടായ്മയെ കുറ്റം പറയുകയോ അല്ല. പക്ഷേ എനിക്ക് അതിൽ അംഗമാകണമെന്നോ, ഒരുകാര്യം അവിടെ പോയി പറഞ്ഞ് അത് ഈ രീതിയിൽ മാറ്റണമെന്നോ അല്ലെങ്കിൽ അവർ ഇവരെ താഴ്ത്തുന്നു ഇവർ പൊക്കുന്നു എന്നൊക്കെ പറയേണ്ട കാര്യമില്ലെന്ന് തോന്നുന്നു. എല്ലാവരും ദിലീപേട്ടനെതിരെയാണ് പറഞ്ഞത്. എന്നാൽ ഇപ്പോഴും അറിയില്ല, അത് ദിലീപേട്ടനാണോ ചെയ്തതെന്ന്. പക്ഷേ അവർ ചെയ്തതോ? അത് ദിലീപേട്ടനാണെന്ന് പറഞ്ഞ് മൈക്കിലൂടെ പൊതുവായി പ്രസംഗിച്ചു. അതൊക്കെ ഇപ്പോഴും ഇവിടെ ഉണ്ട്. ഇനി ദിലീപേട്ടനല്ല ഇത് ചെയ്തതെന്ന് തെളിഞ്ഞാൽ ഇതൊക്കെ ഇവർക്ക് തിരിച്ചെടുക്കാന്‍ പറ്റുമോ? പറയാൻ നമുക്ക് ഉറപ്പുള്ള, ഒരിക്കലും മാറ്റിപ്പറയില്ലെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ പറയുക.

കൂട്ടായ്മ എന്തുമാകട്ടെ, എന്നാൽ അതിൽ പറയുന്ന കാര്യങ്ങൾ പുറത്തുപറയരുത്. കൂട്ടായ്മകള്‍ ഉണ്ടാകട്ടെ, സിനിമയിൽ സ്ത്രീകൾക്ക് ഉയർച്ച ഉണ്ടാകട്ടെ. പക്ഷേ അതിനകത്തെ ചീത്തയും പ്രശ്നങ്ങളും അതിനകത്ത് നിൽക്കണം. നമ്മുടെ വീട്ടിൽ ഒരുപ്രശ്നമുണ്ടായാൽ നമ്മളറിഞ്ഞാൽപോരേ, അപ്പുറത്തെ വീട്ടുകാർ കേൾക്കുന്നുണ്ടെങ്കിൽ കതക് അടക്കണം. അതേപോലെ ഒരു പ്രശ്നമുണ്ടെങ്കിൽ, അത് അയാൾ ആണെന്ന് ഉറപ്പാണെങ്കിൽ മാത്രം കാര്യങ്ങൾ സംസാരിക്കുക. ദിലീപേട്ടന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, അവരുടെ പ്രസ്താവനകൾ കേട്ടുകഴിഞ്ഞാൽ അറിയാമല്ലോ ആരെക്കുറിച്ചാണ് പറയുന്നതെന്ന്. അമ്മ സംഘടന തന്നെ ദിലീപേട്ടനെ പുറത്താക്കിയിരുന്നല്ലോ? ഇവർ അതിനിടയ്ക്ക് സംഘടനയുമായി മുന്നോട്ട് വന്നു. കുറെ കുറ്റം പറഞ്ഞു. എന്നിട്ട് എവിടെ? ഇപ്പോൾ അതേ കൂട്ടായ്മയോട് കൂടി ഇത് പിന്താങ്ങുന്നുണ്ടോ ഇവർ. ഇല്ല. വേറൊരു സംഭവം വരുമ്പോൾ അതിന് പുറകെ വരും. ഒരു കൂട്ടായ്മ അത്ര ശക്തിയുള്ളതാണെങ്കിൽ അതിൽ ഉറച്ച് നിന്ന് സത്യം കണ്ടുപിടിക്കട്ടെ. അതില്ല. ഇവര്‍ വന്നു കൂട്ടായ്മ ഉണ്ടാക്കി, അത് അപ്പോഴത്തെ ഒരു ഇളക്കം. അത് പരാജയമാണെന്ന് ഞാൻ പറയുന്നില്ല. ഞാൻ അമ്മ സംഘടനയിലും അംഗമല്ല.

സിനിമയിൽ വരുന്ന കാലത്ത് ഈ രംഗത്ത് ശോഭിക്കാൻ പറ്റുമെന്ന് അറിയില്ലായിരുന്നു. അന്ന് 50000 രൂപ അറുപതിനായിരം രൂപ കൊടുത്ത് എന്തിനാ അംഗത്വം എടുക്കുന്നത്. സിനിമ പിന്നെ കിട്ടാതെ വന്നാൽ ആ കാശ് തിരിച്ചുതരത്തില്ലല്ലോ… അപ്പോൾ കുറച്ചൊന്ന് മുന്നോട്ട് പോകട്ടെ എന്ന് ചിന്തിച്ചു. കഴിഞ്ഞ ദിവസം ഞാൻ ഇടവേള ബാബു ചേട്ടനെ വിളിച്ചിട്ട് പറഞ്ഞു, ‘ചേട്ടാ അമ്മയിൽ എനിക്ക് മെംബർഷിപ്പ് എടുക്കണം.’–അനുശ്രീ പറഞ്ഞു.