യുവതലമുറയിലെ മലയാളി കുട്ടികള്‍ക്ക് മാതൃഭാഷയുടെ മാധുര്യം പകര്‍ന്നു നല്‍കുന്നതിനായി ലെസ്റ്ററില്‍ മലയാളം ക്ലാസ്സുകള്‍ക്ക്‌ തുടക്കമാകുന്നു. ലെസ്റ്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാ സംഗീത കൂട്ടായ്മയായ ലെസ്റ്റര്‍ ലൈവ് കലാസമിതി ആണ് മലയാളം ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് മുന്‍കൈയെടുത്തിരിക്കുന്നത്. പഠന കലാ രംഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുകെയിലെ മലയാളി കുട്ടികള്‍ മാതൃഭാഷ പഠന രംഗത്ത് വേണ്ടത്ര താത്പര്യം കാണിക്കുന്നില്ല എന്നതിനാലാണ് മലയാള ഭാഷ പഠനത്തിന് അവസരമൊരുക്കാന്‍ ലെസ്റ്റര്‍ ലൈവ് പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. മിക്ക കുട്ടികള്‍ക്കും മലയാളം സംസാരിക്കാന്‍ അറിയാമെങ്കിലും എഴുതാനും വായിക്കാനും അറിയാവുന്നവര്‍ ചുരുക്കമാണ് എന്ന വാസ്തവം തിരിച്ചറിഞ്ഞതിനാലാണ് ഈയൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത് എന്ന് ലെസ്റ്റര്‍ ലൈവ് പ്രവര്‍ത്തകര്‍ പറഞ്ഞു.

ലെസ്റ്ററിലെ ബ്രോണ്‍സ്റ്റന്‍ ഹാളില്‍ ആയിരിക്കും ഏപ്രില്‍ 21 ശനിയാഴ്ച മുതല്‍ മലയാളം ക്ലാസ്സുകള്‍ക്ക്‌ തുടക്കം കുറിക്കുന്നത്. മുന്‍ അദ്ധ്യാപകനായ ശ്രീ. കെ. എല്‍. വര്‍ഗീസ്‌ ആയിരിക്കും കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നത്. മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ലെസ്റ്റര്‍ ലൈവ് പ്രവര്‍ത്തകര്‍ ഒരുക്കും. കുട്ടികളെ മലയാളം ക്ലാസ്സില്‍ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

സാബു ജോസ് – 07809211405
റെജി ജോസഫ് – 07463906699