കുഞ്ചെറിയാ മാത്യു

പ്രമുഖ സിനിമാ താരത്തിനെതിരെ നടന്ന ലൈംഗികാതിക്രമത്തിനെതിരെ നടക്കുന്ന പോലീസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ മലയാള സിനിമാ വ്യവസായം ഒരു വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇതില്‍ നിന്നുടലെടുത്ത പരിഭ്രാന്തി സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ പല താരങ്ങളുടെയും പ്രതികരണത്തില്‍ നിന്ന് വ്യക്തമായിരുന്നു. അതിക്രമത്തിനിരയായ നടിക്കെതിരെ നടന്ന ഗൂഢാലോചനയുടെ അന്വേഷണം സത്യസന്ധമായി മുന്നോട്ട് പോയാല്‍ തകരുന്നത് ദിലീപും നാദിര്‍ഷയും പോലുള്ളവരുടെ പൊയ്മുഖം മാത്രമല്ല മലയാള സിനിമാ വ്യവസായം തന്നെയായിരിക്കുമെന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. സ്ത്രീയുടെ മാനം സംരക്ഷിക്കണമോ അതോ വ്യവസായം രക്ഷിക്കണമോ എന്ന ആശയക്കുഴപ്പത്തിലാണ് ബന്ധപ്പെട്ടവര്‍.

ദിലീപ് എന്ന നടനെ ചുറ്റിപ്പറ്റി തന്നെ നിരവധി പ്രൊജക്ടുകള്‍ സമീപ ഭാവിയില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ മലയാള സിനിമാ വ്യവസായത്തെ താങ്ങി നിര്‍ത്തുന്നതില്‍ പ്രമുഖ നായകനടനെന്നതിലുപരിയായി ദിലീപിന് പല റോളുമുണ്ട്. അമ്മയുടെ ധനശേഖരണാര്‍ത്ഥം എല്ലാ താരങ്ങളെയും പങ്കെടുപ്പിച്ച് നിര്‍മ്മിച്ച സിനിമയോടെ ആരംഭിച്ചതാണ് ദിലീപിന്റെ മലയാള സിനിമാ ലോകത്തെ വളര്‍ച്ച. പ്രത്യക്ഷത്തില്‍ കാണാനാവില്ലെങ്കിലും ദിലീപ് വളര്‍ന്ന് മലയാള സിനിമാ വ്യവസായത്തില്‍ മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനെക്കാളും അവിഭാജ്യഘടകമായി തീര്‍ന്നു. ദിലീപ് തന്നെ പറഞ്ഞതുപോലെ ദിലീപ് ഇന്നൊരു വ്യക്തിയല്ല പ്രസ്ഥാനമാണ്. ഒത്തിരി പേര്‍ ചോരയും നീരും കൊടുത്ത് വളര്‍ത്തി കൊണ്ടുവന്ന പ്രസ്ഥാനം. ആ പ്രസ്ഥാനം തകരുന്നത് മലയാള സിനിമാ വ്യവസായത്തിന് ഏല്‍പിക്കുന്ന ആഘാതം ചെറുതായിരിക്കില്ല.

ഇതിനെല്ലാം പുറമെയാണ് ദിലീപിനെപ്പോലെ മലയാള സിനിമാ വ്യവസായത്തിലെയും സൂപ്പര്‍ സ്റ്റാറുകള്‍ ഉള്‍പ്പെടെ മറ്റു താരങ്ങളുടെയും അന്തഃപുര രഹസ്യങ്ങള്‍ നന്നായറിയാവുന്ന ഒരു വ്യക്തി സത്യസന്ധമായ ഒരു അന്വേഷണത്തിന് വിധേയനായാലുള്ള പ്രത്യാഘാതങ്ങള്‍. പല വിഗ്രഹങ്ങളും ഉടഞ്ഞുവീഴുമെന്ന് മാത്രമല്ല, മലയാള സിനിമാ വ്യവസായം തന്നെ പൂട്ടേണ്ട സ്ഥിതി വരും. അത്രയധികം കള്ളപ്പണവും നികുതിവെട്ടിപ്പും നടമാടുന്ന ഒരു മേഖലയാണ് സിനിമാവ്യവസായം. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആദായനികുതി റെയ്ഡും, ആനക്കൊമ്പ് കേസും മറ്റും ഇപ്പോള്‍ പലരുടെയും മനസിലേയ്ക്ക് കടന്നുവരുന്നുണ്ട്. താന്‍ മുങ്ങുന്ന കൂട്ടത്തില്‍ ദിലീപ് മറ്റുള്ളവരെയും മുക്കാന്‍ ശ്രമിക്കുമോ എന്ന ഭയത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമാണ്.

സര്‍ക്കാരിനും പോലീസിനുമേല്‍ സിനിമാവ്യവസായത്തിന് ദോഷം വരാത്ത വിധത്തില്‍ കേസ് അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ശക്തമാണ്. എന്തായാലും സിനിമ വ്യവസായത്തെ രക്ഷിച്ചാല്‍ സ്ത്രീയുടെ മാനം പെരുവഴിയാകുമെന്നതാണ് അവസ്ഥ.