ജോജി തോമസ്

മലയാളികളുടെ കുടിയേറ്റ പ്രേമം പ്രസിദ്ധമാണ്. ലോകത്തിന്റെ ഏതുഭാഗത്ത് പോയാലും അവിടൊരു മലയാളിയെ കാണാന്‍ സാധിക്കും. കുടിയേറാനുള്ള താല്‍പര്യം പോലെ തന്നെ മലയാളികളുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന വികാരമാണ് സ്വന്തം ഭാഷയും സംസ്‌കാരവും സംരക്ഷിക്കുന്നതിനുള്ള അഭിനിവേശം. മലയാളികളുടെ ഈ താല്‍പര്യം മനസിലാക്കി ലോകമെമ്പാടുമുള്ള മലയാളികളുടെ ഇടയില്‍ മലയാള ഭാഷയും, സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച സംരംഭമാണ് മലയാള മിഷന്‍.

ബ്രിട്ടണിലെ മലയാളി മിഷന്റെ ഔദ്യോഗികമായ ഉദ്ഘാടനം സെപ്തംബര്‍ 22-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് ലണ്ടനില്‍ വച്ച് നടത്തപ്പെടും. കേരള ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ. എ.കെ ബാലന്‍ മലയാളം മിഷന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്. ലണ്ടന്‍ ഈസ്റ്റ്ഹാമില്‍ സ്ഥിതിചെയ്യുന്ന എം.എ.യു.കെയുടെ ഹാളില്‍ വച്ചാണ് മലയാളം മിഷന്റെ ഉദ്ഘാടനം നടത്തപ്പെടുന്നത്. സാംസ്‌കാരികവകുപ്പുമന്ത്രി എ.കെ ബാലന്‍ മലയാളം മിഷന്റെ ഉദ്ഘാടന പരിപാടിക്കായി കഴിഞ്ഞ ദിവസം ബ്രിട്ടണില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങളോട് ബ്രിട്ടനിലെ ജനങ്ങള്‍ ആവേശത്തോടെയാണ് പ്രതികരിക്കുന്നത്. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം” എന്നതാണ് മിഷന്റെ ലക്ഷ്യം. കവന്‍ട്രി, കെന്റ് മുതലായ സ്ഥലങ്ങളില്‍ മിഷന്റെ പ്രവര്‍ത്തനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലയാളം മിഷന്‍ ആരംഭിക്കുവാനുള്ള ഒരുക്കങ്ങള്‍ ലീഡ്സിലും കാര്യമായി പുരോഗമിക്കുകയാണ്. വിവിധ മേഖലകൾ സംബന്ധിച്ച രൂപരേഖ തയാറായി വരുന്നു. പഠന സഹായികളും പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള സഹായങ്ങളും ഏകോപനവും മേഖലാ തലത്തില്‍ നല്‍കപ്പെടുന്നതായിരിക്കും. വെസ്റ്റ് യോര്‍ക് ഷറില്‍ കുട്ടികളെ മലയാളം പഠിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവർ താഴെപറയുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

സാജന്‍ സത്യന്‍: 07946565837
ജോസ് പരപ്പനാട് : 07947532290
ജോജി തോമസ് : 07728374426