പൊന്നമ്പാറ ഓട്ടോറിക്ഷാ സ്റ്റാൻ‍ഡിലെ ‘ദർശൻ’ എന്ന ഓട്ടോ കാണുമ്പോൾ ഓർക്കുക മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റായ പല സിനിമകളും വെട്ടിയൊട്ടിച്ച കൈകളാണ് ആ ഓട്ടോ ഓടിക്കുന്നതെന്ന്. വിധിയുടെ എഡിറ്റിങ്ങിൽ തളർന്നുപോയ ജീവിതം മുറിഞ്ഞുപോവാതെ കൂട്ടിമുട്ടിക്കാനാണ് കെ.നാരായണൻ എന്ന പ്രതിഭാധനനായ ഫിലിം എ‍ഡിറ്റർ ഓട്ടോഡ്രൈവറുടെ യൂണിഫോമണി​ഞ്ഞത്. തനിച്ചു നടക്കാനാവാത്ത മകൻ ദർശനെ രാവിലെ വീട്ടിൽ നിന്നു സ്കൂളിലെത്തിക്കുന്നതിനും വൈകിട്ടു വീട്ടിൽ തിരിച്ചെത്തിക്കുന്നതിനുമിടയിൽ ഓട്ടോ ഓടിച്ചു കിട്ടുന്നതാണ് ഇപ്പോൾ നാരായണന്റെ ജീവിതം.

മാത്തിൽ സ്വദേശിയായ നാരായണനെ നാട്ടിലെ പുതുതലമുറയ്ക്ക് അറിയില്ല. ഭരതന്റെ ‘മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ മുതൽ പ്രിയദർശന്റെ ‘തേൻമാവിൻ കൊമ്പത്ത്’ വരെ, മലയാളി മറക്കാത്ത എത്രയോ പടങ്ങളിൽ എഡിറ്ററുടെ മുഖ്യസഹായിയായിരുന്നു നാരായണൻ. വൈശാലി, ചിത്രം, കിലുക്കം, വന്ദനം, മിഥുനം, ഏയ് ഓട്ടോ, ലാൽസലാം, ആയിരപ്പറ, പൊന്തൻമാട, ഡാനി, മങ്കമ്മ, പ്രിയദർ‌ശന്റെ ഹിന്ദിപ്പടങ്ങൾ….നാരായണൻ മുറിച്ചൊട്ടിച്ച എത്രയോ പടങ്ങൾ..

പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണു സിനിമാ എ‍ഡിറ്റിങ് പഠിക്കാൻ ചെന്നൈയിലേക്കു വണ്ടി കയറിയത്. അന്നേ സിനിമയിലുണ്ടായിരുന്ന മൂത്ത സഹോദരൻ മോഹൻ (ഇപ്പോഴത്തെ പ്രശസ്ത സിനിമാ പ്രൊഡക്‌ഷൻ കൺട്രോളർ സെവൻ ആർട്സ് മോഹൻ) സഹായിച്ചു. അങ്ങനെ വിജയവാഹിനി സ്റ്റുഡിയോയിൽ എ‍ഡിറ്ററുടെ സഹായിയായി ചേർന്നു. മലയാളത്തിലും തമിഴിലുമായി കുറേയേറെ പടങ്ങൾ.

ഭരതന്റെ ‘മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ സംവിധായകൻ തന്നെ എഡിറ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ പ്രധാന ഉത്തരവാദിത്തം നാരായണനെയാണ് ഏൽപിച്ചത്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തിരക്കോടു തിരക്ക്.

കൈകൊണ്ടു വെട്ടിയൊട്ടിക്കുന്ന മാനുവൽ എഡിറ്റിങ്ങിന്റെ കാലത്ത് അസോഷ്യേറ്റ് എഡിറ്റർമാർക്ക് ഇഷ്ടം പോലെ പണിയുണ്ടാവും. അതുകൊണ്ടു സ്വതന്ത്ര എഡിറ്ററാവാൻ വലിയ താൽപര്യം കാണിച്ചില്ല. 1995ലായിരുന്നു ബന്ധുവായ ബാലാമണിയുമായുള്ള വിവാഹം. മകൻ ദർശന്റെ ജനനത്തോടെ ജീവിതം കീഴ്മേൽ മറിഞ്ഞു.

അജ്ഞാതകാരണത്താൽ ശരീരകോശങ്ങളുടെ വളർച്ച ക്രമരഹിതമായതിനാൽ ദർശനു നടക്കാൻ പരസഹായം വേണം. സംസാരശേഷിയുമില്ല. ചെന്നൈയിൽ നിന്നു നാട്ടിൽ വന്നു പോവാനുള്ള ബുദ്ധിമുട്ടു കണക്കിലെടുത്തു 1998ൽ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്കു മാറി. അതിനിടയിൽ ഡിജിറ്റൽ എഡിറ്റിങ്ങിലും വൈദഗ്ധ്യം നേടിയിരുന്നു.

എങ്കിലും 2001ൽ സിനിമ താൽക്കാലികമായി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങി. മകന്റെ ചികിത്സയ്ക്കും പഠനത്തിനും അച്ഛൻ നാട്ടിലുണ്ടാവേണ്ടത് അത്യാവശ്യമായിരുന്നു. വീട്ടിൽനിന്നു പയ്യന്നൂരിലെ എംആർസിഎച്ച് സ്പെഷൽ സ്കൂളിലേക്ക് ഇരുപതു കിലോമീറ്ററോളം ദൂരമുണ്ട്.

മോനെ സ്കൂളിൽ കൊണ്ടുചെന്നാക്കാനും തിരിച്ചു കൊണ്ടു വരാനുമായി ഒരു ഓട്ടോറിക്ഷ വാങ്ങി. അതിനിടയിലുള്ള സമയം മറ്റുള്ളവർ ഓട്ടം വിളിച്ചാൽ പോവും. ഇടയ്ക്കു പയ്യന്നൂരിലെ സ്റ്റുഡിയോകളിൽ ചില്ലറ എഡിറ്റിങ് ജോലികളും ചെയ്യും.

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിന്റെ നിർ‌മാതാവു ബാബു തിരുവല്ല 2008ൽ ‘തനിയെ’ എന്ന ചിത്രം സംവിധാനം ചെയ്തപ്പോൾ പഴയ സൗഹൃദത്തിന്റെ ഓർമയിൽ നാരായണനെയാണ് എഡിറ്റിങ് ഏൽപിച്ചത്. അതിന് ആ വർഷത്തെ മികച്ച എഡിറ്റർക്കുള്ള ടിവി ചാനൽ പുരസ്കാരം കിട്ടി. ആദ്യകാലത്തെ ചികിത്സയ്ക്കും മറ്റുമായി വലിയ സാമ്പത്തിക ബാധ്യതയുണ്ടായതിനാൽ ഓട്ടോഡ്രൈവറുടെ വേഷം തൽക്കാലം അഴിക്കാൻ വയ്യ നാരായണന്.

നാരായണന്റെ ദുരിതജീവിതത്തെക്കുറിച്ചു സുഹൃത്ത് ്രശീജിത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതോടെയാണു നാട്ടിലെ യുവതലമുറ പോലും ‘ദർശ’ന്റെ ഡ്രൈവറെ തിരിച്ചറിയുന്നത്.