മികച്ച അസോസിയേഷനുകളായി തെരഞ്ഞെടുക്കപ്പെട്ടത് സ്റ്റോക്ക് ഓണ്‍ ട്രെന്റും വാറ്റ്ഫോര്‍ഡും നനീട്ടനും; മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ തിളങ്ങിയത് മികച്ച സംഘാടകര്‍

മികച്ച അസോസിയേഷനുകളായി തെരഞ്ഞെടുക്കപ്പെട്ടത് സ്റ്റോക്ക് ഓണ്‍ ട്രെന്റും വാറ്റ്ഫോര്‍ഡും നനീട്ടനും; മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ തിളങ്ങിയത് മികച്ച സംഘാടകര്‍
May 17 14:18 2017 Print This Article

ശനിയാഴ്ച ലെസ്റ്റര്‍ മെഹര്‍ സെന്‍ററില്‍ നടന്ന മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റ് യുകെയിലെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ മലയാളികള്‍ പങ്കെടുത്ത മികച്ച വേദിയായി മാറിയപ്പോള്‍ ഏവരുടെയും ആകാംക്ഷ ആരൊക്കെയാണ് അവാര്‍ഡ് വിജയികള്‍ എന്നതായിരുന്നു. വിവിധ വിഭാഗങ്ങളിലായി നിശ്ചയിക്കപ്പെട്ടിരുന്ന അവാര്‍ഡ് വിജയികളെ പ്രഖ്യാപിച്ചത് അവാര്‍ഡ് നൈറ്റ് വേദിയില്‍ വച്ചായിരുന്നു. പ്രശസ്ത സംവിധായകന്‍ വൈശാഖ് ഉദ്ഘാടനം ചെയ്ത അവാര്‍ഡ് നൈറ്റ് വേദിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ആണ് മികച്ച അസോസിയേഷനുകള്‍ക്കുള്ള മലയാളം യുകെ എക്സല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

യുകെ മലയാളികള്‍ക്കിടയില്‍ ഇരുനൂറ്റി അന്‍പതിലധികം മലയാളി സംഘടനകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ നിന്നും മികച്ച പ്രവര്‍ത്തനം നടത്തിയതിനുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയത് മൂന്ന് അസോസിയേഷനുകള്‍ ആയിരുന്നു. സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ (സ്റ്റോക്ക് ഓണ്‍ ട്രെന്‍റ്), കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷന്‍ വാറ്റ്ഫോര്‍ഡ്, കേരള ക്ലബ് നനീട്ടന്‍ എന്നീ സംഘടനകള്‍ അവാര്‍ഡിന് അര്‍ഹരായി എന്ന പ്രഖ്യാപനം നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ ആയിരുന്നു അവാര്‍ഡ് നൈറ്റ് വേദിയില്‍ പ്രഖ്യാപിക്കപ്പെട്ടത്.

കഴിഞ്ഞ പത്തിലധികം വര്‍ഷങ്ങളായി സ്റ്റഫോര്‍ഡ്ഷയറിനും സമീപങ്ങളിലും ഉള്ള മലയാളി സമൂഹത്തെ കൂട്ടിയിണക്കി യുകെ മലയാളി സമൂഹത്തിന് തന്നെ അഭിമാനകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് അവാര്‍ഡ് നൈറ്റ് വേദിയില്‍ എത്തിച്ചേര്‍ന്നത്. കലാ, കായിക രംഗങ്ങളില്‍ നിരവധി നേട്ടങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ള അസോസിയേഷന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ തന്നെയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഇവര്‍ ചെയ്തിട്ടുള്ള നിരവധിയായ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായാണ് എസ്എംഎ ഭാരവാഹികള്‍ അവാര്‍ഡ് ഏറ്റു വാങ്ങിയത്. അസോസിയേഷന്‍ പ്രസിഡണ്ട് റിജോ ജോണ്‍, സെക്രട്ടറി എബിന്‍ ജോസ്, ട്രഷറര്‍ സിറില്‍ മാഞ്ഞൂരാന്‍ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് അസോസിയേഷന് വേണ്ടി ഏറ്റുവാങ്ങിയത്.

രണ്ടു സംഘടനകളായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ശേഷം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒറ്റ സംഘടനയായി മാറുകയും ഐക്യത്തിന്‍റെ ശക്തി യുകെ മലയാളികളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്ത കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷന്‍ വാറ്റ്ഫോര്‍ഡ് ആണ് അവാര്‍ഡിനര്‍ഹരായ രണ്ടാമത്തെ അസോസിയേഷന്‍. ചാരിറ്റി മുഖ്യ ലക്ഷ്യമാക്കി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആണ് കെസിഎഫ്‌ വാറ്റ് ഫോര്‍ഡിനെ അവാര്‍ഡിന് അര്‍ഹരാക്കിയത്. ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആണ് കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ കെസിഎഫിന്റെ നേതൃത്വത്തില്‍ നടന്നത്. അസോസിയേഷന് വേണ്ടി ഭാരവാഹികളായ സണ്ണിമോന്‍ മത്തായി, ജോസ് തോമസ്‌ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

വൈവിധ്യം മുഖമുദ്രയാക്കി വേറിട്ട വഴികളിലൂടെ എന്നും സഞ്ചരിച്ചിട്ടുള്ള കേരള ക്ലബ് നനീട്ടന്‍ ആണ് അവാര്‍ഡ് നൈറ്റ് വേദിയില്‍ ആദരിക്കപ്പെട്ട മറ്റൊരു സംഘടന. അസോസിയേഷന്‍ അംഗങ്ങളുടെ മക്കള്‍ക്ക് സ്കൂളില്‍ പോകാന്‍ സ്വന്തമായി ബസ് ഉള്‍പ്പെടെ മറ്റ് അസോസിയേഷനുകള്‍ക്ക് ചിന്തിക്കാന്‍ പോലുമാകാത്ത പ്രവര്‍ത്തനങ്ങള്‍ കേരള ക്ലബ് കൈവരിച്ചത് അംഗങ്ങള്‍ക്കിടയിലെ മാനസിക ഐക്യത്തിന്‍റെ പിന്‍ബലത്തില്‍ കൂടിയാണ്. കേരള ക്ലബ്ബിന് വേണ്ടി അസോസിയേഷന്‍ ഭാരവാഹികള്‍ ആയ ജോബി ഐത്തിയാല്‍, സെന്‍സ് ജോസ് കൈതവേലില്‍, ബിന്‍സ് ജോര്‍ജ്ജ്, സജീവ്‌ സെബാസ്റ്റ്യന്‍, ബെന്നി ജോസ്, ജിറ്റോ ജോണ്‍ തുടങ്ങിയവര്‍ അവാര്‍ഡ് സ്വീകരിച്ചു.

മലയാളം യുകെയുടെ പ്രഥമ അവാര്‍ഡ് നൈറ്റില്‍ ആദരിക്കപ്പെട്ട മലയാളി അസോസിയേഷനുകള്‍ യുകെയിലെ മലയാളി അസോസിയേഷനുകളില്‍ ഏറ്റവും അര്‍ഹമായവ തന്നെ ആയിരുന്നു എന്നതിന്‍റെ തെളിവായിരുന്നു ഓരോ അസോസിയേഷന്‍ പ്രതിനിധികളും അവാര്‍ഡ് സ്വീകരിക്കാന്‍ വേദിയില്‍ എത്തിയപ്പോള്‍ ഉണ്ടായ കയ്യടി. രണ്ടായിരത്തോളം യുകെ മലയാളികള്‍ ആണ് അവാര്‍ഡ് നൈറ്റ് നടന്ന വേദിയില്‍ എത്തിച്ചേര്‍ന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles