സ്റ്റീവനേജില്‍ സൈക്കിള്‍ തടഞ്ഞു നിറുത്തി മലയാളിയെ മര്‍ദ്ദിച്ചവശനാക്കി കൊള്ളയടിച്ചു

സ്റ്റീവനേജില്‍ സൈക്കിള്‍ തടഞ്ഞു നിറുത്തി മലയാളിയെ മര്‍ദ്ദിച്ചവശനാക്കി കൊള്ളയടിച്ചു
September 22 05:51 2018 Print This Article

സ്റ്റീവനേജ്: ഷോപ്പിംഗ് കഴിഞ്ഞു സൈക്കിളില്‍ ഭവനത്തിലേക്ക് പോകവേ സ്റ്റീവനേജില്‍ മലയാളി യുവാവിനെ വഴിയില്‍ തടഞ്ഞു നിറുത്തി ക്രൂരമായി മര്‍ദ്ദിക്കുകയും സാധനങ്ങളും പേഴ്സും ബാങ്ക് കാര്‍ഡുകളും കൈക്കലാക്കി മുഖം മൂടി സംഘം കടന്നു കളഞ്ഞു. രക്തം വാര്‍ന്ന് അവശനിലയില്‍ വഴിയില്‍ കിടന്ന യുവാവിന്റെ ജാക്കറ്റിന്റെ പോക്കറ്റില്‍ കൊള്ളക്കാര്‍ കാണാതെ കിടന്ന മൊബൈല്‍ ഫോണെടുത്തു വിളിച്ചറിയിച്ച ശേഷം പോലീസും ആംബുലന്‍സും എത്തിയിട്ടാണ് ഗുരുതരമായ പരിക്കേറ്റ യുവാവിനെ ഹോസ്പിറ്റലില്‍ എത്തിക്കുവാന്‍ കഴിഞ്ഞത്. മുഖത്തും നെഞ്ചത്തും തലയിലും കനത്ത ഇടിയുടെ ആഘാതം ഏറ്റിട്ടുണ്ട്. കൂടാതെ ബിയര്‍ കുപ്പികൊണ്ട് കാലില്‍ തലങ്ങും വിലങ്ങും തല്ലി കാര്യമായ പരിക്കും ഏല്‍പ്പിച്ചിരുന്നു. ആംബുലന്‍സെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച അവസ്ഥയിലായിരുന്നു മലയാളി യുവാവ്.

വൈകുന്നേരം ഒമ്പതു മണിയോടെ ടെസ്‌കോയില്‍ നിന്നും ഷോപ്പിംഗ് നടത്തി അല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ചേര്‍ന്നുള്ള ഗ്രൗണ്ടിനരികിലുള്ള സൈക്കിള്‍ പാതയിലൂടെ വീട്ടിലേക്കു പോകുമ്പോഴാണ് നിനച്ചിരിക്കാതെ മുഖം മൂടികള്‍ ചാടി വീണത്. കാശ് ആവശ്യപ്പെട്ടു കൊണ്ട് നിറുത്താതെ മര്‍ദ്ദിക്കുകയായിരുന്നു. പോക്കറ്റുകള്‍ തപ്പി ബലമായി പേഴ്സും, സാധനങ്ങളുമായിട്ടാണ് മുഖം മൂടി സംഘം കടന്നു കളഞ്ഞത്. നീരു വന്നു മൂടിയ മുഖത്തും കവിളിലും കാലിലും ഒക്കെയായി ചെറിയ സര്‍ജറികള്‍ ചെയ്യേണ്ടി വന്നു. മുപ്പതില്‍പ്പരം തുന്നല്‍ക്കെട്ടുകളുമായാണ് പിന്നീട് മലയാളി യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തത്.

കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മാത്രമാണ് ഈ മലയാളി യുവാവ് ഡിപ്പന്‍ഡന്റ് വിസയില്‍ തന്റെ കുഞ്ഞു കുട്ടിയുമായി യു.കെയില്‍ എത്തിച്ചേര്‍ന്നത്. പോലീസ് കേസ് നിലവില്‍ ഉള്ളതിനാലും, വാര്‍ദ്ധക്യവും രോഗങ്ങളും അലട്ടുന്ന മാതാപിതാക്കള്‍ വിവരങ്ങള്‍ അറിയാതിരിക്കുവാനും മറ്റുമായി മലയാളി യുവാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹത്തിന്റെ പേര് ഇവിടെ വെളിപ്പെടുത്തുവാന്‍ നിര്‍വ്വാഹമില്ല.

സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസ്സിയേഷഹന്‍ ഭാരവാഹികള്‍ യുവാവിനെ സന്ദര്‍ശിക്കുകയും, സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. വിജനമായ വീഥികളിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുവാനും, പരമാവധി രാത്രി നേരങ്ങളില്‍ സഞ്ചരിക്കുന്നത് ഒഴിവാക്കുവാനും ഭാരവാഹികള്‍ നിര്‍ദ്ദേശിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ മലയാളി സമൂഹത്തിന്റെ പൊതുവായ അറിവില്‍ എത്തിക്കുവാനും അഭ്യര്‍ത്ഥിച്ചു.

വൈകുന്നേരത്തോടെ മുഖം മൂടി സംഘത്തെ കസ്റ്റഡിയില്‍ എടുത്തുവെന്നു പോലീസ് പിന്നീട് അറിയിച്ചു. ഭീതിയുടെ ആവശ്യം ഇല്ല എന്നും, ഇതൊറ്റപ്പെട്ട സംഭവങ്ങള്‍ ആണെന്നും, വീഥികളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും എന്നും പോലീസ് അറിയിച്ചു. എന്നിരുന്നാലും സ്റ്റീവനേജിലെ വിവിധ അണ്ടര്‍ ഗ്രൗണ്ട് പാസ്സേജുകളില്‍ വെച്ച് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ അക്രമങ്ങള്‍ പലര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles