വെല്ലിങ്ടന്‍: മലയാളിയായ സാജു ചെറിയാന്‍ ജസ്റ്റിസ് ഓഫ് ദി പീസ് ഫോര്‍ ന്യൂസിലാന്‍ഡ് ആയി നിയമിക്കപ്പെട്ടു. ആദ്യമായാണ് ഒരു മലയാളി ജസ്റ്റിസ് ഓഫ് ദി പീസ് ആയി നിയമിക്കപ്പെടുന്നത്. 2016 ല്‍ പാല്‍മെര്‍സ്റ്റോണ്‍ നോര്‍ത്ത് എംപിയും ഇപ്പോഴത്തെ ഇമ്മിഗ്രേഷന്‍ മിനിസ്റ്ററും ആയ ശ്രീ ഇയാന്‍ലീ ഗല്ലോവേ ആണ് ശ്രീ സാജു ചെറിയാനെ ജസ്റ്റിസ് ഓഫ് പീസ് ആയി നാമനിര്‍ദേശം ചെയ്തത്. പിന്നീട് പല ഘട്ടങ്ങളായുള്ള ഇന്റര്‍വ്യൂകളും പരീക്ഷകളും കഴിഞ്ഞാണ് ന്യൂസിലാന്‍ഡ് ഗവണ്‍ന്മെന്റ് നിയമനം അംഗീകരിച്ചു ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചു.

ഏകദേശം രണ്ടു വര്‍ഷത്തോളമായി നടക്കുന്ന പലവിധത്തിലുള്ള പരിശീലനങ്ങള്‍ക്കും പരീക്ഷകള്‍ക്കും ഒടുവില്‍ 2017 ഡിസംബറില്‍ ആണു ന്യൂസിലന്‍ഡ് ഗവര്‍ണര്‍ സാജു ചെറിയാന്റെ നിയമനം അംഗീകരിച്ചു ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. മാര്‍ച്ച് 27 നു പാല്‍മെര്‍സ്റ്റോണ്‍ നോര്‍ത്ത് ഡിസ്ട്രിക്ട് കോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേല്‍ക്കും.

എറണാകുളം, അങ്കമാലി മഞ്ഞപ്ര സ്വദേശിയായ സാജു ചെറിയാന്‍ 2008ല്‍ ആണ് ന്യൂസിലന്‍ഡില്‍ എത്തുന്നത്. എക്കണോമിക്‌സില്‍ ബിരുദാനദര ബിരുദവും മെറ്റീരിയല്‍സ് മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമയും ഉള്ള സാജു ചെറിയാന്‍ ന്യൂസിലാന്‍ഡില്‍ എത്തിയശേഷം ജനറല്‍ നഴ്‌സിങ്ങില്‍ ബിരുദവും സൈക്ക്യാട്രിക് നഴ്‌സിങ്ങില്‍ പിജിയും ചെയ്തതിനുശേഷം മെന്റല്‍ ഹെല്‍ത്ത് നഴ്‌സ് ആയി ജോലി ചെയ്തു വരുകയായിരുന്നു.

പാല്‍മെര്‍സ്റ്റോണ്‍ നോര്‍ത്ത് കേരള അസോസിയേഷന്‍ പ്രസിഡണ്ടായും, കാത്തോലിക് കമ്മ്യൂണിറ്റിയുടെ സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുള്ള സാജു ചെറിയാന്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായിരുന്നു. തിരുവനന്തപുരം കവടിയാര്‍ ശ്രീവിലാസം ലൈനില്‍ എബ്രാഹത്തിന്റെയും വത്സയുടെയും മകളായ നിത എബ്രഹാം ആണ് ഭാര്യ. മക്കള്‍ ഐറീന്‍ മരിയ സാജു(11), ആല്‍ഫ്രഡ് ഇമ്മാനുവല്‍ സാജു(8).