റിയാദ്: കിര്‍ഗിസ്ഥാനിലെ മേജര്‍ ജനറല്‍ സ്ഥാനത്തെത്തിയെന്ന് അവകാശപ്പെട്ട കോഴിക്കോട് സ്വദേശി തട്ടിപ്പുകാരനെന്ന് റിപ്പോര്‍ട്ട്. സൗദിയിലെ കിര്‍ഗിസ്ഥാന്‍ അംബാസഡറെ ഉദ്ധരിച്ച് മീഡിയവണ്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കോഴിക്കോട് സ്വദേശി ഷെയ്ഖ് മുഹമ്മദ് റഫീഖ് ആണ് കിര്‍ഗിസ്ഥാന്‍ മേജര്‍ ജനറല്‍ സ്ഥാനം ലഭിച്ചതായി അവകാശപ്പെട്ടത്. ഒരു രാജ്യത്തിന്റെ ഉന്നത സൈനിക പദവി ബഹുമാന സൂചകമായി ലഭിച്ചത് ഇന്ത്യയിലും ഗള്‍ഫിലുമുള്ള മാധ്യമങ്ങളില്‍ വന്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു.

കിര്‍ഗിസ്ഥാന്‍ സര്‍ക്കാരുമായോ സൈന്യവുമായോ ഇയാള്‍ക്ക് യാതോരു ബന്ധവുമില്ലെന്ന് അംബാസഡര്‍ അറിയിച്ചതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുടെ പൗരത്വം റദ്ദാക്കിയതായും അംബാസഡര്‍ വ്യക്തമാക്കി. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് ഇത് സംബന്ധിച്ച് സര്‍ക്കുലറും പ്രസിദ്ധീകരിച്ചിരുന്നു. കിര്‍ഗിസ്ഥാന്‍ സൈന്യത്തിലും സര്‍ക്കാരിലും വലിയ സ്വാധീനമുള്ളയാളാണെന്ന വിധത്തിലായിരുന്നു മലയാളത്തിിലെ മാധ്യമങ്ങളില്‍ ഇയാളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത്.

സൗദിയില്‍ ബിസിനസ് നടത്തിയിരുന്ന ഇയാളെക്കുറിച്ച് ഇന്ത്യയില്‍ നിന്നും സൗദിയില്‍ നിന്നും സാമ്പത്തിക ഇടപാടുകളേക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പരാതികള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കിര്‍ഗിസ്ഥാന്‍ ഇയാളുടെ പൗരത്വം റദ്ദാക്കിയത്. കിര്‍ഗിസ്ഥാന്‍ പാസ്‌പോര്‍ട്ട് സ്വന്തമായി ഉണ്ടായിരുന്നു എന്നതില്‍ കവിഞ്ഞ് സൈന്യവുമായോ സര്‍ക്കാരുമായോ ഇയാള്‍ക്ക് ബന്ധങ്ങള്‍ ഒന്നുമില്ലെന്ന് അംബാസഡര്‍ വ്യക്തമാക്കി.