ഡല്‍ഹിക്ക് സമീപം ഫരീദാബാദില്‍ മലയാളി കുടുംബം തൂങ്ങിമരിച്ച നിലയില്‍; സംഭവം പുറംലോകം അറിഞ്ഞത് വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന്…..

ഡല്‍ഹിക്ക് സമീപം ഫരീദാബാദില്‍ മലയാളി കുടുംബം തൂങ്ങിമരിച്ച നിലയില്‍;  സംഭവം പുറംലോകം അറിഞ്ഞത് വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന്…..
October 21 08:32 2018 Print This Article

ഡല്‍ഹിക്ക് സമീപം ഫരീദാബാദില്‍ മലയാളി കുടുംബത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചതോടെ വിവരം പുറംലോകം അറിഞ്ഞത്. അഴുകിയ നിലയിലാണ് മൃതദേഹങ്ങള്‍. സാമ്പത്തിക ബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു.
ഫരീദാബാദ് ദയാല്‍ബാഗിലെ സി 31ലെ വാടക വീട്ടിലാണ് മലയാളി കുടുംബത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദീപ് മാത്യു, സഹോദരിമാരായ മീന, ബീന, ജയ എന്നിവരാണ് മരിച്ചത്. 37 നും 45നുമിടയിലാണ് ഇവരുടെ പ്രായം.

സാമ്പത്തികബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് പൊലീസ് വിശദീകരിക്കുന്നു. ആത്മഹത്യാക്കുറിപ്പില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയിലെ തിയതിയാണ് രേഖപ്പെടുത്തിയിരുന്നത്. ഇരുപത് വര്‍ഷമായി ഫരീദാബാദില്‍ താമസിച്ചു വരികയായിരുന്നു കുടുംബം. മലയാളിയായ അച്ഛന്‍ ജെ.ജെ.മാത്യു ആറു മാസം മുന്‍പ് മരിച്ചു. ഉത്തരേന്ത്യന്‍ സ്വദേശിയായ അമ്മ രണ്ടുമാസം മുന്‍പ് മരിക്കുകയും ചെയ്തതോടെ അവിവാഹിതരായ സഹോദരങ്ങള്‍ ദയാല്‍ബാദിലേക്ക് മാറുകയായിരുന്നു.

ഹരിയാന സര്‍ക്കാരില്‍ ജീവനക്കാരായിരുന്നു മാത്യുവും ഭാര്യയും. സഹോദരങ്ങളില്‍ ചിലര്‍ രോഗബാധിതരായിരുന്നെന്നും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നതായും അയല്‍ക്കാര്‍ പറഞ്ഞു. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. മൃതദേഹങ്ങള്‍ ബുറാഡി സെമിത്തേരിയില്‍ സംസ്‌കരിക്കണമെന്ന ആഗ്രഹവും എഴുതിവച്ചിട്ടുണ്ട്. ഇന്ന് രാവിലെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാണ് അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിച്ചത്. ബി.കെ.എസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പ്രാദേശിക പള്ളി വികാരിക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles