കനേഷ്യസ് അത്തിപ്പൊഴിയില്‍

യുകെയിലെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ സൗന്ദര്യ മത്സരങ്ങളില്‍ ഒന്നായ ഡി ക്യൂ മിസ് ലിറ്റില്‍ വേള്‍ഡ് വൈഡ് സൗന്ദര്യ മത്സരത്തില്‍ മലയാളി ബാലികയായ സിയാന്‍ മനോജ് ജേക്കബ് സെക്കന്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ മത്സരത്തില്‍ മിസ് വേള്‍ഡ് വൈഡ് ചാരിറ്റി, മിസ് വേള്‍ഡ് വൈഡ് പബ്ലിസിറ്റി എന്നീ അവാര്‍ഡുകളും തൂത്തുവാരിക്കൊണ്ടാണ് സിയാന്‍ മനോജ് ജേക്കബ് എന്ന ഏഴു വയസ്സുകാരി ശ്രദ്ധാ കേന്ദ്രമായി മാറിയത്.

ബ്ലാക് പൂളിലെ പ്ലെഷര്‍ ബീച്ച് ഇന്റര്‍ നാഷണല്‍ ഹോട്ടലിലെ കമനീയ വേദിയില്‍ വെച്ച് നടന്ന മത്സരത്തില്‍ ആണ് സിയാന്‍ സ്വപ്ന തുല്യമായ ഈ നേട്ടത്തിലൂടെ ലോക മലയാളികള്‍ക്ക് മുഴുവന്‍ അഭിമാന പാത്രമായി മാറിയത്. ഏതാനം മാസങ്ങള്‍ക്കു മുന്‍പ് സിയാന്‍ മനോജ് ജേക്കബ് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ വാര്‍ത്ത ആയിരുന്നു. യുകെയില്‍ ഗ്ലോസ്റ്റര്‍ഷെയറില്‍ മാതാപിതാക്കളോടും സഹോദരനോടുമൊപ്പം ജീവിക്കുന്ന ഈ കൊച്ചു താരത്തിന്റെ പേരില്‍ 47 ചാരിറ്റി ഇവെന്റുകളാണ് കുറിക്കപ്പെട്ടത്.

ചേര്‍ത്തല നിവാസികളായ മനോജ് ജേക്കബിന്റെയും രശ്മിയുടെയും മകളാണ് സിയാന്‍ മനോജ് ജേക്കബ്. മോഡലിങിനൊപ്പം ബാലെ ക്ലാസ്സിക്കല്‍ ഡാന്‍സ്, ശാസ്ത്രീയ സംഗീതം ഒക്കെ അഭ്യസിക്കുന്നുണ്ട് ഈ കൊച്ചു മിടുക്കി.