കൊച്ചി : മലയാറ്റൂരില്‍ വൈദീകനായ സേവ്യര്‍ തേലക്കാട്ട് കൊല്ലപ്പെട്ട വാര്‍ത്തയുടെഞെട്ടലില്‍ കഴിയുമ്പോഴും വൈദീകനെ കുത്തിയ കപ്യാര്‍ ജോണിയെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് നല്ലതുമാത്രം. അതുകൊണ്ടു തന്നെ വൈദീകന്റെ കൊലപാതകം വിരല്‍ചൂണ്ടപ്പെടുന്നതും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നതും യാതൊരു അവകാശങ്ങളും ഇല്ലാത്ത പള്ളികളിലെ കപ്യാര്‍ തൊഴിലിലേയ്ക്കാണ്.

ജോണി 18-ആം വയസിലാണ് കപ്യാരായത്. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം. 30 വര്‍ഷത്തോളം കുരിശുമല കയറി കപ്യാര്‍ പണി ചെയ്തു. നാളിതുവരേയ്ക്കും ജോലിയിലോ വ്യക്തി ജീവിതത്തിലോ ജോണിക്കെതിരെ മോശപ്പെട്ട ആരോപണങ്ങള്‍ ഒന്നും ഉയര്‍ന്നിട്ടുള്ളതായി നാട്ടുകാര്‍ക്ക് ആര്‍ക്കും തന്നെ അറിവില്ല.

ഇതിനിടെ, പെണ്‍മക്കളില്‍ ഒരാള്‍ അന്യജാതിക്കാരനെ വിവാഹം കഴിച്ചതില്‍ ജോണി അതീവ ദു:ഖിതനായിരുന്നു. ഈ ദു:ഖം മറയ്ക്കാനായി ജോണി അഭയം പ്രാപിച്ചത് മദ്യത്തിലായിരുന്നു. എന്നിരുന്നാലും തന്റെ ജോലിയോട് അതീവ ആത്മാര്‍ത്ഥത പ്രകടിപ്പിച്ചിരുന്ന ജോണി ജോലയില്‍ യാതൊരു വീഴ്ചയും വരുത്തിയിരുന്നില്ല.

ഒരു മകള്‍ കൂടി വിവാഹിതയാകാനുണ്ടെന്നിരിക്കെ സാമ്പത്തികമായും മാനസികമായും തളര്‍ന്നിരിക്കെയാണ് ജോണിയെ ഫാ.സേവ്യര്‍ തേലക്കാട്ട് അപ്രതീക്ഷിതമായി കപ്യാര്‍ ജോലിയില്‍ നിന്നും പുറത്താക്കിയത്. അര്‍ഹമായ ആനുകൂല്യങ്ങളൊന്നും നല്‍കാതെയുള്ള ഈ പിരിച്ചുവിടല്‍ ജോണിയെ കൂടുതല്‍ തളര്‍ത്തി. ഇതാണ് വൈദീകനോടുള്ള വൈരാഗ്യത്തിനു പിന്നില്‍. എന്നാല്‍, വൈദീകനെ കൊല്ലുക എന്നൊരു ലക്ഷ്യം ജോണിക്ക് ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

നിയമവും മനശാസ്ത്രവും പഠിച്ചിട്ടുള്ള ഫാ.സേവ്യര്‍ ജോണിയെ മന:ശാസ്ത്രപരമായും സാമൂഹ്യശാസ്ത്രപരമായും മാറ്റിയെടുക്കുന്നതിന് പകരം ശത്രുതാ മനോഭാവത്തോടെ സമീപിച്ചതാണ് ഇപ്പോള്‍ ഉണ്ടായ ദുരന്തത്തിലേയ്ക്ക് നയിച്ചതെന്ന് ജോണിയെ അടുത്തറിയുന്ന നാട്ടുകാര്‍ പറയുന്നു. ഫാദര്‍ സേവ്യറെ കൊല്ലുകയായിരുന്നു ജോണിയുടെ ലക്ഷ്യമെങ്കില്‍ കഴുത്തിലോ, നെഞ്ചിലോ, വയറ്റിലോ ഒക്കെയാണ് കുത്തേണ്ടിയിരുന്നത്. എന്നാല്‍, ഫാ.സേവ്യറിന്റെ തുടയിലാണ് ജോണിയുടെ കുത്തേറ്റിരിക്കുന്നത്.

ജീവിതം വഴിമുട്ടിയ സാഹചര്യത്തില്‍ ജോണിയുടെ ഭാഗത്തു നിന്നും ഉണ്ടായ നീക്കത്തിലൂടെ കപ്യാര്‍ തൊഴില്‍ തന്നെ ചര്‍ച്ചയാക്കപ്പെട്ടിരിക്കുകയാണ്.