സാലിസ്ബറി:  യുകെ മലയാളികൾക്ക് അഭിമാനമായിസാലിസ്ബറി താമസിക്കുന്ന പാലക്കാട്ടുകാരൻ റഷീദ്.. യുകെയിലേക്കുള്ള പ്രവാസ കാലഘട്ടം അതിന്റെ വളർച്ചയുടെ ഗ്രാഫ് കുത്തനെ ഉയർന്നുകൊണ്ടിരുന്ന 2003 സമയങ്ങൾ..  ഗൾഫ് വിട്ട് മറ്റൊരു പ്രവാസ ജീവിതം ഇല്ല എന്ന് ചിന്തിച്ചിരുന്ന കാലത്തിന്റെ അസ്‌തമയ സമയം… നേഴ്‌സുമാർ മാത്രമല്ല ഷെഫുകൾ കൂടി യുകെയിലെ ഷോർട്ട് ലിസ്റ്റിൽ കയറിക്കൂടിയപ്പോൾ ഒരുപിടി മലയാളി ഷെഫുമാരും വർക്ക് പെർമിറ്റിൽ യുകെയിൽ എത്തിച്ചേർന്നു… അങ്ങനെ എത്തിപ്പെട്ടവരിൽ ഒരാളായിരുന്നു ബിർമിങ്ഹാമിൽ 2003 ന്നിൽ വന്നിറങ്ങിയ മുഹമ്മദ് റഷീദ്.

ഹോട്ടൽ മാനേജ്‌മന്റ് പഠനം കോയമ്പത്തൂരിൽ പൂർത്തിയാക്കി. തുടർന്ന് ഹൈദ്രാബാദിലുള്ള ഷെറാട്ടൺ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൽ ജോലി നേടിയെടുത്ത മിടുക്കൻ.. തുടർന്ന് ഇന്ത്യയിലെ തന്നെ മുൻപന്തിയിൽ നിൽക്കുന്ന താജ് ഹോട്ടൽ എത്തിയെങ്കിലും തന്റെ അഭീഷ്ടങ്ങൾ അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ അത് ഉതകുമായിരുന്നില്ല എന്ന സത്യം മനസിലാക്കി ഡൽഹിയിൽ വച്ച് നടന്ന ഇന്റർവ്യൂ പാസ്സായി വർക്ക് വിസയിൽ യുകെയിൽ എത്തിച്ചേർന്നു.ആദ്യം വന്ന എല്ലാ മലയാളികളും അനുഭവിച്ച ജീവിത യാഥാർത്യങ്ങളിലൂടെ റഷീദ് കടന്നു പോയി… അതെ അതിജീവനത്തിന്റെ നാളുകൾ… എവിടെ എങ്ങനെ എപ്പോൾ തുടങ്ങും എന്ന ചിന്തയിൽ.. ഒരു മാസത്തെ ബിർമിങ്ഹാം ജീവിതം അവസാനിപ്പിച്ച് ബോൺമൗത്തിലേക്ക് കുടിയേറിയ റഷീദ് രണ്ട് വർഷത്തോളം ലണ്ടനിൽ ഉള്ള മുന്തിയ ഹോട്ടലുകളിൽ ജോലി ചെയ്തു. എങ്കിലും തന്റെ കൊച്ചുനാളുകളിൽ ‘അമ്മ പകുത്തുനൽകിയ പാചക കലയോടുള്ള അടങ്ങാത്ത അടുപ്പം റഷീദിനെ മറ്റൊരു വഴിയിൽ നീങ്ങാൻ പ്രേരിപ്പിച്ചു. അങ്ങനെയാണ് 2016 ലിൽ സാലിസ്ബറിയിൽ ഒരു ഹോട്ടൽ എന്ന ആശയം ‘കഫേ ദിവാലി’ എന്ന പേരിൽ നടപ്പിലാക്കിയത്. ഒരു ബിസിനസ് തുടങ്ങുന്നതിന്റെ ബാലാരിഷ്ടതകൾ തന്നെ തുറിച്ചു നോക്കിയപ്പോഴും അതിനെയെല്ലാം ഒന്നൊന്നായി പിന്തള്ളി മുന്നേറിയ റഷീദിന് തന്റെ അമ്മയുടെ വാക്കുകൾ കൂടുതൽ കരുത്തേകി…  ഇന്ന് അഞ്ച് മലയാളികൾ ഉൾപ്പെടെ ഒരുപറ്റം സായിപ്പുമാർ വരെ റഷീദിനൊപ്പം നിലകൊള്ളുന്നു. ഇംഗ്ലീഷ്‌കാരുടെ പ്രിയപ്പെട്ട ഭക്ഷണ കേന്ദ്രമായി മാറിയത് വളരെ പെട്ടെന്നായിരുന്നു.

വിവിധങ്ങളായ ഭക്ഷണങ്ങൾ ഒരുക്കിയപ്പോൾ അതിൽ നാടൻ വിഭവങ്ങൾ ആയ ദോശയും താലിയും ഒക്കെ ഇടം പിടിച്ചപ്പോൾ പെട്ടെന്ന് തന്നെ ഈ കൊച്ചു ഹോട്ടലിനെ തേടി അവാർഡുകൾ എത്തി.. ആദ്യമായി സാലിസ്ബറിയിലെ പ്രാദേശിക പത്രവും റേഡിയോ സ്റ്റേഷനും സംയുക്തമായി ഏർപ്പെടുത്തിയ അവാർഡ് നേടിയെടുത്തു.

അങ്ങനെ ഇരിക്കെ ഏഷ്യൻ റെസ്‌റ്റോറന്റ് അവാർഡിന് ഉള്ള അപേക്ഷ കാണാനിടയായത്. കിട്ടില്ല എന്ന് വിചാരിച്ച് തന്നെ അപേക്ഷ സമർപ്പിച്ചു എന്നാണ് ഇതുമായി ബന്ധപ്പെട്ട് മലയാളം യുകെയുമായി റഷീദ് പങ്ക് വെച്ചത്. അപേക്ഷിക്കാനുള്ള യോഗ്യത പട്ടിക കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു കിട്ടില്ല എന്ന്.. ശുചിത്വം വേണ്ടത് 5 സ്റ്റാർ റേറ്റിംഗ്…. ഗൂഗിൾ, ഫേസ്ബുക് റിവ്യൂസ്… മറ്റ് അവാർഡുകൾ എന്ന് തുടങ്ങി ഒരു നീണ്ട ലിസ്റ്റ് … ഇതിനെല്ലാം പുറമെ ‘മിസ്റ്ററി ഡിന്നെഴ്‌സ്’ എന്ന കടമ്പയിൽ വിജയിക്കണം… അത് ഇങ്ങനെ.. ആരെന്നോ എപ്പോൾ എന്നോ പറയാതെ മൂന്ന് ജഡ്ജുമാർ ഹോട്ടലിൽ വന്നു ഭക്ഷണം കഴിക്കും. അവരാണ് മാർക്ക് നൽകുന്നത്.  ഇങ്ങനെ മേൽപ്പറഞ്ഞ എല്ലാ കടമ്പകളും കടന്ന് റഷീദിന്റെ കഫേ ദിവാലി സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏഷ്യൻ ഹോട്ടലുകളിൽ മുൻപിൽ എത്തി അവാർഡിന് അർഹമായി..

ഈ കഴിഞ്ഞ (നവംബർ) പതിനേഴാം തിയതി ലണ്ടനിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ലണ്ടൻ മേയറായ സാദിഖ് ഖാനിൽ നിന്നും അഭിമാനപൂർവം അവാർഡ് ഏറ്റുവാങ്ങിയപ്പോൾ യുകെ മലയാളികളുടെ നേട്ടങ്ങളുടെ പട്ടികയിൽ ഒന്ന് കൂടി വന്നു ചേർന്നു. തന്റെ അടുത്തുവരുന്ന കസ്റ്റമേഴ്സ് ആണ് രാജാവ് എന്ന തിരിച്ചറിവ് നഷ്ടപ്പെട്ടു പോവാതെ എളിമയോടെ സ്വീകരിക്കുന്ന ഒരു നല്ല സേവകൻ ആയി പ്രത്യക്ഷപ്പെടുബോൾ ജീവിത വിജയം സുനിശ്ചിതം.റഷീദ് കുടുംബമായി സാലിസ്ബറിയിൽ താമസിക്കുന്നു. പാലക്കാട്ടുകാരി ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം. തന്റെ വിജയം മലയാളം യുകെയുമായി പങ്കുവെച്ച റഷീദിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഒപ്പം അഭിനന്ദനവും