റോൺ മാത്യു മണലിൽ

‘മാമാങ്കം ‘എന്ന ചരിത്രസിനിമയ്ക്കായി നാം കാത്തിരിക്കുകയാണല്ലോ. നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനാവായയിൽ നടന്നിരുന്ന മാമാങ്കത്തെപ്പറ്റി പാട്ടുകളിലൂടെ നാം എപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു. പദ്മശ്രീ മമ്മുട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാമാങ്കം, ചരിത്രത്തിൽ താത്പര്യമുള്ള ഏവർക്കും വലിയ അനുഭവം സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

മാമാങ്കം

ക്രിസ്തുവർഷത്തിന്റെ ആദ്യനൂറ്റാണ്ടിൽ കേരളത്തിലുണ്ടായിരുന്ന പ്രധാന രാജവംശങ്ങൾ ആയിരുന്നു ആയ്, ചേരനാട്, പൂഴിനാട് എന്നിവ. ഒൻപതാം നൂറ്റാണ്ടോടെ കുലശേഖര സാമ്രാജ്യവും നാടുവാഴികളും ആവിർഭവിച്ചു. തെക്കേയറ്റത്ത് വേണാട്, ഓടനാട് മുതൽ വള്ളുവനാട്, ഏറനാട്, കോലത്തുനാട് തുടങ്ങിയവ ഭരണം നടത്തി.

പതിനൊന്നാം നൂറ്റാണ്ടിൽ ചോളന്മാരുടെ ആക്രമണത്തെ തുടർന്ന് രാജ്യത്തുടനീളം കളരികൾ സ്ഥാപിച്ച് ആയുധാഭ്യാസം പഠിപ്പിച്ചു നിർബന്ധസൈനിക സേവനം ഏർപ്പെടുത്തി. ചാവേർ സംഘങ്ങളെ സൃഷ്ടിച്ചെടുത്തു. വേണാട് സാമൂതിരി, കോലത്തിരി എന്നിവർക്ക് പൂർണ്ണ അധികാരം ഉണ്ടായിരുന്നുവെങ്കിലും വള്ളുവനാട് പോലെയുള്ള നാടുവാഴികൾ സ്വാതന്ത്രാധികാരത്തോടെ ഭരിച്ചു.

വള്ളുവനാട്ടിലെ ‘മാഘമക’ ഉത്സവം

ചേരകാലഘട്ടത്തിൽ നിളയുടെ (ഭാരതപുഴയുടെ ) വടക്കേതീരത്തുള്ള തിരുനാവായയിൽ ബുദ്ധമതാചാരപ്രകാരം പൗഷമാസത്തിലെ പൂയം നാളിൽ (തൈപ്പുയം ) ആരംഭിച്ചിരുന്ന 28 ദിവസത്തെ വ്യപാരമേള അവസാനിച്ചിരുന്നത് മാഘമാസത്തിൽ വെളുത്തപക്ഷത്തിലെ ‘മകം ‘ നാളിലായിരുന്നു .അതിനാൽ ഈ മഹോത്സവത്തെ ‘മഹാമകം ‘/’മാഘമകം ‘ എന്നത് ലോപിച്ചു ‘മാമാങ്കം ‘എന്ന് വിളിച്ചുവെന്ന് മലബാർ മാന്വലിൽ വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്.

പൗഷപൂയം നാളിൽ വെളുത്ത വാവ് വരുന്നത് ഓരോ പന്ത്രണ്ട് വർഷം കൂടുമ്പോഴുള്ള (വ്യാഴവട്ടം)  വ്യാഴഗ്രഹം കർക്കടരാശിയിലായിരിക്കുമ്പോൾ ആണ് എന്ന് ഇബ്നു ബത്തൂത്തയുടെ യാത്രാവിവരണത്തിലുണ്ട്. റോം, ഗ്രീസ്, അറബ്, ചൈന രാജ്യങ്ങളിൽ നിന്ന് വ്യാപാരത്തിനായി കപ്പലുകൾ മാമാങ്കത്തിൽ പങ്കെടുത്തിരുന്നുവെന്ന് ഹാമിൽട്ടനെ ഉദ്ധരിച്ചു കൊണ്ട് ലോഗൻ പറയുന്നു.

മാമാങ്കത്തിലെ നിലപാട്

കുലശേഖരന്മാരുടെ അനന്തിരവൻ എന്ന നിലയിൽ പൊന്നാനി ആസ്ഥാനമായുള്ള പെരുമ്പടപ്പ് സ്വരൂപം എന്ന കൊച്ചി ഭരണകർത്താക്കൾക്കായിരുന്നു മാമാങ്കത്തിലെ അദ്ധ്യക്ഷ സ്ഥാനം. പല വിധ ആക്രമങ്ങളാൽ ക്ഷീണിതരായിരുന്ന പെരുമ്പടപ്പ്, ‘മാമാങ്കനിലപാട് ‘എന്ന അദ്ധ്യക്ഷസ്ഥാനം കരാറടിസ്ഥാനത്തിൽ താത്കാലികമായി വള്ളുവക്കോനാതിരിക്ക് നൽകി.

ചാവേറുകൾ

പതിമൂന്നാം നൂറ്റാണ്ടിൻെറ അവസാനഘട്ടത്തിൽ വള്ളുവകോനാതിരിയെന്ന ചിരവൈരിയെ കീഴ്പ്പെടുത്തികൊണ്ട് മാമാങ്കത്തിൽ അദ്ധ്യക്ഷസ്ഥാനം സാമൂതിരി കരസ്ഥമാക്കി. അന്നുമുതൽ പുതുമന, ചന്ദ്രോത്ത്, വേർകോട്ട്, വയങ്കര നായർ കുടുംബങ്ങളിലെ ചാവേറുകളെ അയച്ച് മാമാങ്ക വേദിയിൽ (നിലപാടുതറ) എഴുന്നള്ളിയ സാമൂതിരിയെ വധിക്കുവാൻ വള്ളുവക്കോനാതിരി ശ്രമിക്കുന്ന കുപ്രസിദ്ധ ചടങ്ങായി മാമാങ്കം. സാമൂതിരിയുടെ നായർ പടയാളികളാൽ വധിക്കപ്പെട്ട വള്ളുവച്ചാവേറുകളുടെ ജഡങ്ങൾ ആനകൾ കിണറിൽ എറിഞ്ഞിരുന്നുവെന്ന് പ്രചാരമുള്ളതായും ലോഗൻ ചൂണ്ടിക്കാണിക്കുന്നു.

കണ്ടർമേനോനും ഇത്താപ്പുവും

പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വള്ളുവനാടിന്റെ വീരപുരുഷനായിരുന്ന കണ്ടർമേനോനും 15 വയസ്സുള്ള മകൻ ഇത്താപ്പുവും സാമൂതിരിയുടെ നേരെ ആക്രമണം നടത്തിയെങ്കിലും ചേറ്റുവ പണിക്കർ ഉൾപ്പെടെയുള്ള സാമൂതിരി ഭടന്മാർ ചതി പ്രയോഗത്തിൽ ഇവരെ വകവരുത്തി.

ചന്ദ്രോത്ത് ചന്തുണ്ണി

1695 ലെ മാമാങ്കത്തിൽ 14 താഴെ വയസ്സുള്ള ചന്ദ്രോത്ത് ചന്തുണ്ണി എന്ന ധീര കൗമാരക്കാരൻ നിലപാde തറയിൽ പറന്നെത്തി സാമൂതിരിയെ വെട്ടിയെങ്കിലും കൂറ്റൻ വിളക്കിനായിരുന്നു വെട്ടേറ്റത്. രണ്ടാമതും വാങ്ങിയെങ്കിലും സാമൂതിരിയുടെ നായർ പോരാളികൾ ചന്തുണ്ണിയെ വീഴ്ത്തിയെന്ന് മലബാർ മാന്വൽ പറയുന്നു.

1743 -ൽ നടന്ന അവസാന മാമാങ്കത്തിൽ ഒരു ചാവേറ്, നിലപാട് തറ വരെ ചാടിക്കയറിയെങ്കിലും കോഴിക്കോട് കോയ അരിഞ്ഞുവീഴ്ത്തിയതായി ‘കേരളത്തിലെ രാജവംശങ്ങൾ ‘എന്ന പുസ്തകത്തിൽ വേലായുധൻ പണിക്കശേരി ചൂണ്ടികാണിക്കുന്നു.

വള്ളുവനാടിന്റെ വീരപുത്രന്മാർ കഥകളിലൂടെ ഇന്നും ജന മനസ്സുകളിൽ ജീവിക്കുന്നു മാമാങ്കം അവസാനിച്ചെങ്കിലും.

 

റോൺ മാത്യു മണലിൽ

ഒൻപതാം ക്ലാസ് വിദ്യാർത്ഥി

മാർത്തോമാ റെസിഡെൻഷ്യൽ സ്കൂൾ , തിരുവല്ല