താരപ്പിണക്കങ്ങള്‍ക്ക് ഒരു ക്ഷാമവുമില്ലാത്ത മേഖലയാണ് മലയാള സിനിമ. ചെറിയ താരങ്ങള്‍ മുതല്‍ താരരാജാക്കന്മാര്‍ വരെ പരസ്പരം പിണങ്ങാറുണ്ട്. വളരെ നിസാര കാര്യങ്ങള്‍ക്കായിരിക്കും ഈ പിണക്കങ്ങള്‍. പല പിണക്കങ്ങളും വളരെ വേഗം പരിഹരിക്കപ്പെടാറുമുണ്ട്. മലയാളത്തിന്റെ താര രാജാക്കന്മാരായ മമ്മുട്ടിയും മോഹന്‍ലാലും തമ്മില്‍ പിണങ്ങിയെന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച മമ്മുട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിനെക്കുറിച്ച് മോഹന്‍ലാല്‍ മികച്ച അഭിപ്രായം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പിണക്കത്തിന് ആസ്പദമായ സംഭവം നടന്നത്.
മേജര്‍ രവി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാല്‍ മമ്മുട്ടിയോട് പിണങ്ങുന്നത്. സിനിമയുടെ ആമുഖം മമ്മുട്ടിയുടെ ശബ്ദത്തില്‍ വേണമെന്നത് മേജര്‍ രവിയുടെ ആഗ്രഹമായിരുന്നു. ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുന്ന സമയമായിരുന്നു. മോഹന്‍ലാല്‍ ചിത്രത്തിന്റേയും മമ്മുട്ടിയുടെ പുത്തന്‍പണത്തിന്റേയും ഡബ്ബിംഗ് നടക്കുന്നത് ഒരേ സ്റ്റുഡിയോയിലായിരുന്നു. മമ്മുട്ടിയോട് ഇക്കാര്യം സംസാരിക്കുന്നതിനായി മോഹന്‍ലാല്‍ പുത്തന്‍ പണത്തിന്റെ ഡബ്ബിംഗ് നടക്കുന്ന ഓഡിയോ ബൂത്തിലെത്തി. മമ്മുട്ടി അവിടെ ഉണ്ടായിരുന്നു.

മോഹന്‍ലാല്‍ മമ്മുട്ടിയെ കണ്ട് കാര്യം ധരിപ്പിച്ചു. പക്ഷെ തന്റെ സ്വാഭാവിക ശൈലിയില്‍ മമ്മുട്ടി മോഹന്‍ലാലിന്റെ ആവശ്യം നിരസിച്ചു. ചെയ്യാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. വളരെ പ്രതീക്ഷയോടെ എത്തിയ മേജര്‍ രവിക്കും സങ്കടമായി. മോഹന്‍ലാല്‍ തിരികെ തന്റെ ജോലി തുടര്‍ന്നു.
പുത്തന്‍പണത്തിന്റെ ഡബ്ബിംഗ് ജോലി പൂര്‍ത്തിയാക്കി പോയ മമ്മുട്ടി പിന്നീട് മേജര്‍ രവിയോട് സമ്മതം അറിയിച്ചു. തന്റെ ആഗ്രഹം പോലെ കാര്യം നടന്നതില്‍ മേജര്‍ രവിക്ക് സന്തോഷം. വീട്ടിലെത്തി ഒത്തിരി ആലോചിച്ച ശേഷമാണ് മമ്മുട്ടി തീരുമാനത്തിലെത്തിയതെന്നാണ് അണിയറ സംസാരം.

മോഹന്‍ലാല്‍ സ്റ്റുഡിയോയിലുള്ള ദിവസം തന്നെയാണ് മമ്മുട്ടി ആമുഖം ഡബ്ബ് ചെയ്യുന്നതിനായി സ്റ്റുഡിയോയിലെത്തിയത്. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ മുകളിലെ നിലയില്‍ ഉണ്ടെന്ന് മനസിലാക്കിയ മമ്മുട്ടി താന്‍ മടങ്ങുകയാണെന്ന് മോഹന്‍ലാലിനെ അറിയിക്കുന്നതിനായി ആളെ അയച്ചു. താന്‍ പോകുന്ന കാര്യം അറിയുമ്പോള്‍ മോഹന്‍ലാല്‍ താഴേക്ക് ഇറങ്ങി വരുമെന്നാണ് മമ്മുട്ടി കരുതിയത്. എന്നാല്‍ അതുണ്ടായില്ല. മമ്മുട്ടി പോകുകയാണെന്ന കാര്യം അറിയിച്ചപ്പോള്‍ അതിന് ഞാനെന്ത് വേണം എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. മോഹന്‍ലാല്‍ വരില്ലെന്ന് മനസിലാക്കിയ മമ്മുട്ടി വീട്ടിലേക്ക് മടങ്ങി.

എംടി ഹരിഹരന്‍ കൂട്ടുകെട്ടില്‍ മമ്മുട്ടി നായകനായി എത്തിയ ബിഗ് ബജറ്റ് ചിത്രം പഴശ്ശിരാജയുടെ ആമുഖത്തിന് ശബ്ദം നല്‍കിയത് മോഹന്‍ലാല്‍ ആയിരുന്നു. മേജര്‍ രവി ചിത്രമായ മിഷന്‍ 90 ഡെയ്‌സില്‍ മമ്മുട്ടിയായിരുന്നു നായകന്‍. തന്റെ ആവശ്യം നിരസിച്ച് തന്നെ സംവിധായകന് മുന്നില്‍ വച്ച് അപമാനിച്ചതാണ് മോഹന്‍ലാലിനെ ചൊടിപ്പിച്ചത്.