തനിക്കുമുമ്പേ വന്നവരോടും തനിക്കൊപ്പം വന്നവരോടും തനിക്കുശേഷം വന്നവരോടും ഒരുപോലെ ആരോഗ്യപരമായി പൊരുതി നിൽക്കുന്ന നടനാണ് മമ്മൂട്ടി. ഇത്രയേറെ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടും മമ്മൂട്ടിയ്ക്ക് തൃപ്തിവന്നിട്ടില്ല. പുതിയ ആളുകളിൽ നിന്നും പുതിയ കാര്യങ്ങൾ ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടി പകർന്നാടാത്ത വേഷമുണ്ടാകില്ല, ഭാവമുണ്ടാകില്ല.

തന്റെ സിനിമാജീവിതത്തിനിടയിൽ മലയാളത്തിൽ അദ്ദേഹം ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ വേഷം അണിയുകയാണ്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമയ്ക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിലാണ് മമ്മൂട്ടി കേരള മുഖ്യമന്ത്രി ആകുന്നത്. കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ബോബി – സഞ്ജയ് ടീം ആണ് തിരക്കഥ എഴുതുന്നത്.

എന്നാൽ, മമ്മൂട്ടി ഇതിനു മുന്നേയും മുഖ്യമന്ത്രിയായി എത്തിയിട്ടുണ്ട്. 1995 ൽ റിലീസ് ആയ മക്കൾ ആട്ച്ചി എന്ന തമിഴ് ചിത്രത്തിലും മമ്മൂട്ടി തമിഴ്നാടിന്റെ മുഖ്യമന്ത്രിയായിരുന്നു. സേതുപതിയെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. തമിഴ്നാട്ടിൽ മികച്ച വിജയം നേടിയ ചിത്രത്തിൽ റോജ ആയിരുന്നു നായിക.

ഇതിനു ശേഷം 2019ൽ തന്നെ റിലീസ് ആയ യാത്ര എന്ന തെലുങ്ക് ചിത്രത്തിലും മമ്മൂട്ടി മുഖ്യമന്ത്രിയായിട്ടായിരുന്നു എത്തിയത്. വൈ എസ് ആറിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. തെലുങ്കിൽ ഹിറ്റായിരുന്നു ചിത്രം. ഒരു നായകൻ തന്നെ മൂന്ന് സംസ്ഥാനത്തേയും മുഖ്യമന്ത്രിയായി എത്തുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല.

ചിത്രീകരണത്തിനിടെ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. സിനിമയ്ക്ക് എല്ലാ വിധ ആശംസകളും മുഖ്യമന്ത്രി നേര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പിണറായി ഫേസ്‌ബുക്കില്‍ ഇങ്ങനെ കുറിച്ചു – “ശ്രീ മമ്മൂട്ടി ഓഫീസിൽ വന്ന് കണ്ടു. ഒരു സിനിമാ ചിത്രീകരണത്തിനിടെ സമയം കണ്ടെത്തിയായിരുന്നു സൗഹൃദ സന്ദർശനം”.

മുഖ്യമന്ത്രി പിണറായി വിജയനോട് സാദൃശ്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന. പിണറായിയുടെ നടപ്പും രീതികളുമെല്ലാം മമ്മൂട്ടി ഈ സിനിമയ്ക്കായി ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്നതായും അറിയുന്നു. പിണറായി സ്റ്റൈലിലുള്ള ഡയലോഗുകളാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കടയ്‌ക്കല്‍ ചന്ദ്രന്‍റെ രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബജീവിതവും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. ഏറെ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല.