ന്യൂഡല്‍ഹി: ഫേസ്ബുക്ക് ലൈവില്‍ മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായര്‍ (56) ആണ് പിടിയിലായത്. അബുദാബിയില്‍ നിന്ന് ന്യൂഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇയാളെ ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ജൂണ്‍ 5നാണ് അബുദാബിയില്‍ വെച്ച് ഫെയ്സ്ബുക്ക് ലൈവിലൂടെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ഇയാള്‍ വധ ഭീഷണി മുഴക്കിയത്.

മുഖ്യമന്ത്രിയെ ജാതീയമായി ഇയാള്‍ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കേരള പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. താന്‍ പഴയ ആര്‍.എസ്.എസ്.പ്രവര്‍ത്തകനാണെന്നും പഴയ കത്തി മൂര്‍ച്ചകൂട്ടി എടുക്കുമെന്നുമാണ് ഇയാള്‍ ലൈവില്‍ പറഞ്ഞത്. ജോലി ഉപേക്ഷിച്ച് മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് എത്തുകയാണെന്നും പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് മാപ്പ് ചോദിക്കുന്ന വീഡിയോയുമായി ഇയാള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.

മദ്യലഹരിയില്‍ പറ്റിപ്പോയ അബദ്ധമാണെന്നും ഇനിയാവര്‍ത്തിക്കില്ലെന്നുമായിരുന്നു വാദം. സംഭവത്തെ തുടര്‍ന്ന് അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയില്‍ റിഗ്ഗിങ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന കൃഷ്ണകുമാറിന് ജോലി നഷ്ടമാവുകയും ചെയ്തു. ജോലി പോയി താന്‍ നാട്ടിലേക്ക് മടങ്ങുകയാണെന്നും നിയമം അനുശാസിക്കുന്ന എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നും കൃഷ്ണകുമാര്‍ നായര്‍ പിന്നീട് മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.