ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ലണ്ടൻ : ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് എതിരെയുള്ള പ്രതിഷേധത്തിന് ഭാഗമായി ലണ്ടൻ സിറ്റി എയർപോർട്ടിൽ ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിന്റെ മുകളിൽ കയറി പ്രതിഷേധിച്ചത് ഒരു പാരാലിമ്പിക് മെഡലിസ്റ്റ് ആണ്. ജെയിംസ് ബ്രൗൺ എന്ന കാഴ്ചശക്തിക്ക് പരിമിതിയുള്ള അദ്ദേഹം സംഭവം ഓൺലൈനായി ലൈവ് വീഡിയോ ഇട്ടിരുന്നു. എന്നാൽ മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ഡാൻ ക്രെസെൽ ഡിക്ക്, സംഭവത്തെ നിരർത്ഥകവും, അപകടം പിടിച്ചതും, ബുദ്ധിശൂന്യമായ പ്രകടനം എന്ന് വിശേഷിപ്പിച്ചു. മറ്റൊരു വ്യക്തി ഇതേ കാരണത്താൽ സീറ്റിൽ ഇരിക്കാൻ വിസമ്മതിച്ചു പ്രതിഷേധ പ്രകടനം നടത്തിയത് മൂലം മറ്റൊരു ഫ്ലൈറ്റ് രണ്ടുമണിക്കൂർ താമസിച്ചാണ് പുറപ്പെട്ടത്.

രണ്ട് വ്യക്തികളും എയർപോർട്ടിലെ മുഴുവൻ സെക്യൂരിറ്റി ചെക്കിംഗ്നും ശേഷം വിമാനത്തിൽ കയറിയവരാണ്. ഫ്ലൈറ്റിൽ നിന്നിറങ്ങി കാഴ്ചക്കാരായി നിലത്തിറങ്ങിയ അമ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തെതുടർന്നും ഫ്ലൈറ്റുകൾ ഭൂരിഭാഗവും കൃത്യസമയം പാലിച്ചു എങ്കിലും രണ്ടെണ്ണം ക്യാൻസൽ ചെയ്യേണ്ടിവന്നു.

വ്യത്യസ്തമായ പ്രകടനങ്ങൾ പലയിടത്തും നടന്നുവരുന്നു. പല സ്ഥലങ്ങളിലും നടുറോഡിൽ നിന്ന് പ്രതിഷേധ ക്കാ രെയും അവരുടെ ടെൻഡുകളും നീക്കാൻ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. പാർലമെന്റ് സ്ക്വയറിലെ ക്യാമ്പ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. മാന്യമായ വേഷം ധരിച്ച ഒരു വ്യക്തി പെട്ടെന്ന് വിമാനം പുറപ്പെടും മുമ്പ് സീറ്റിൽ നിന്ന് എണീറ്റ് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ഒരു നീളൻ പ്രസംഗം നടത്തുകയും ഇരിക്കാൻ വിസമ്മതിക്കുകയായിരുന്നു. ഒടുവിൽ പോലീസെത്തി അറസ്റ്റ് ചെയ്തതോടെയാണ് ഫ്ലൈറ്റ് പുറപ്പെട്ടത്. എന്നാൽ മാധ്യമ ശ്രദ്ധയ്ക്കായി സഹജീവികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്.