നെയ്യാറിലെ കയത്തിൽ യുവാവ് മരണത്തിലേക്ക് മുങ്ങിത്താഴുന്നത് ഇരുകരകളിലും തടിച്ചു കൂടിയ ജനങ്ങൾ നോക്കി നിന്നു. മാമ്പഴക്കര വാഴാത്തത മേലേക്കര വത്സല ഭവനിൽ ബാബുവിന്റെയും വത്സലയുടെയും മകൻ ബൈജുവാണ് (31) കഴിഞ്ഞ ബുധനാഴ്ച കന്നിപ്പുറം കടവിന് സമീപത്തായി മുങ്ങി മരിച്ചത്.

ബൈജുവും ബന്ധുവായ ബിജുവും ഒരുമിച്ച് നെയ്യാർ ഇരുമ്പിൽ കടവിലിരുന്ന് മദ്യപിച്ചതായി പൊലീസ് പറയുന്നു. തുടർന്ന് വള്ളത്തിൽ കയറി കന്നിപ്പുറം കടവിലെത്തിയ ബൈജു മണലെടുത്ത കുഴിയിൽ മുങ്ങിത്താഴുകയായിരുന്നു. ഇത് കണ്ട് സമീപത്ത് നിന്ന ചിലർ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി. നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഇരുമ്പിൽ മുടിപ്പുര എന്നിവിടങ്ങളിൽ ഉത്സവമായതിനാൽ വിവരം അറിഞ്ഞ് ധാരാളം പേർ എത്തിയിരുന്നു. ഇവർ നോക്കിനിൽക്കേയാണ് ബൈജു കയത്തിലേക്ക് താഴ്ന്നുപോയത്.

നെയ്യാറ്റിൻകരയിൽ നിന്നു ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും കയത്തിൽ താഴുന്നയാളെ രക്ഷപ്പെടുത്താനുള്ള ഉപകരണങ്ങൾ ഇല്ലായിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കരയ്ക്കെത്തിച്ചു. നെയ്യാറ്റിൻകര പൊലീസ് മഹസർ എഴുതാൻ തിടുക്കം കാട്ടിയത് സംഘർഷത്തിന് വഴി വച്ചു.

മരണത്തിൽ ദുരൂഹതയുള്ളതായി വീട്ടുകാർ ആരോപിക്കുന്നു. വീട് നിർമ്മിച്ച് ഗൃഹപ്രവേശനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു കൂലിപ്പണിക്കാരനായ ബൈജു.