ഒറ്റയാന്‍റെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടെന്ന് സഹൃത്തുക്കള്‍. പൊലീസ് സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു. ഞായറാഴ്ച രാത്രി പേപ്പാറ കളോട്ടുപ്പാറയിൽ സുഹൃത്തുക്കളുമൊത്ത് മീൻ പിടിക്കാൻ പോയ മീനാങ്കൽ പന്നിക്കാല അഭിലാഷ് ഭവനിൽ അനീഷ് (24) ആണ് കൊല്ലപ്പെട്ടത്. അനീഷ്, സുഹൃത്തുക്കളായ സതീഷ്, സജു, അഭിലാഷ്, അനി എന്നിവരുമൊത്താണ് ഇവിടെയെത്തിയത്.

സുഹൃത്തുക്കളുടെ അടുത്ത് നിന്നും ഇടയ്ക്ക് മാറി പോയ അഭിലാഷിനെ പിന്നീട് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയതെന്ന് സുഹ‍ത്തുക്കള്‍ പറയുന്നു. ആനയുടെ ആക്രമണത്തില്‍ അനീഷ് കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം. അനീഷിന്‍റെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തുകയാണ്.

ദിവസങ്ങളായി പൊടിയക്കാല, കുട്ടപ്പാറ, വലിയകിളിക്കോട് ചോനൻ പാറ, കൈതോട്, വാലിപ്പാറ എന്നീ ആദിവാസി മേഖലകളിൽ ആനയുടെ അക്രമവും ഭീഷണിയും ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. മുറിവേറ്റ് കൂട്ടം തെറ്റി നടക്കുന്ന ആന വനമേഖലയ്ക്ക് സമീപത്തെ ജനസഞ്ചാര മേഖലകളിൽ ഉൾപ്പടെ നാശനഷ്ട്ടം വരുത്തിയിരുന്നു.

കഴിഞ്ഞ ദിവസം എണ്ണകുന്നിന് സമീപത്ത്  ബൈക്ക് യാത്രികാർ ഉൾപ്പടെ ഒറ്റയാന്‍റെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ആദിവാസി മേഖലകളിൽ ആന വ്യാപകമായി കൃഷി നാശം വരുത്തിയിട്ടുണ്ട്. ആനയുടെ ശല്യം രൂക്ഷമായതോടെ വനംവകുപ്പിനെ നാട്ടുകാര്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ നടപടിയെന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.