ലണ്ടന്‍: ബിബിസി സംഘത്തിനു മുന്നില്‍ വളര്‍ത്തുനായയയുടെ ആക്രമണത്തിന് ഇരയായയാള്‍ മരിച്ചു. മാരിയോ പെരിവോയിറ്റോസ് എന്ന 41കാരനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരിച്ചത്. നായയുടെ ആക്രമണത്തിലേറ്റ പരിക്കുകളില്‍ രക്തം വാര്‍ന്നാണ് മരണമെന്ന് പോലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് അറിയിച്ചു. മാര്‍ച്ച് 20ന് സംഭവമുണ്ടാകുമ്പോള്‍ ഇയാള്‍ക്കൊപ്പം ബിബിസി സംഘമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഷൂട്ട് ചെയ്യുകയല്ലായിരുന്നുവെന്ന് വക്താവ് പറഞ്ഞു.
ബിബിസി സംഘമാണ് എമര്‍ജന്‍സി സര്‍വീസില്‍ വിവരമറിയിച്ചത്. എന്നാല്‍ പരിക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ ഇയാള്‍ അടുത്ത ദിവസം ആശുപത്രിയില്‍വെച്ച് മരിച്ചു. സ്റ്റാഫോര്‍ഡ്ഷയര്‍ ബുള്‍ ടെറിയര്‍ വിഭാഗത്തിലുള്ള നായയാണ് ഉടമയെ ആക്രമിച്ചത്. കഴുത്തിലാണ് കടിയേറ്റത്. ഇതാണ് അനിയന്ത്രിതമായി രക്തം നഷ്ടപ്പെടാനും മരണത്തിനും കാരണമായത്.

മുമ്പ് ഒരിക്കല്‍ മാരിയോയുടെ ജീവന്‍ ഈ നായ രക്ഷിച്ചിട്ടുള്ളതാണെന്ന് അയല്‍ക്കാരിയായ സ്ത്രീ പറഞ്ഞു. മേജര്‍ എന്നായിരുന്നു നായയുടെ പേര്. നായയെ കെന്നലിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. യുകെയില്‍ നിരവധിപേര്‍ വളര്‍ത്തുന്ന നായയിനമാണ് സ്റ്റാഫോര്‍ഡ്ഷയര്‍ ബുള്‍ ടെറിയര്‍. ഡേഞ്ചറസ് ഡോഗ്‌സ് ആക്റ്റ് അനുസരിച്ച് ഇവയെ നിരോധിച്ചിട്ടില്ല.