ലണ്ടന്‍: കാമുകിയുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യുവാവ് ജര്‍മനിയിലേക്ക് പറന്നു. ഗാറ്റ് വിക്ക് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെയാണ് മൈക്കിള്‍ റാന്‍ഡാല്‍ എന്ന മക് ലാറന്‍ ഫോര്‍മുല വണ്‍ ടെക്‌നീഷ്യന്‍ ഗാറ്റ് വിക്ക് വിമാനത്താവളത്തില്‍ നിന്ന് ജര്‍മനിയിലേക്ക് പോയത്. വിമാനത്താവളത്തിലും ഇയാള്‍ യാത്ര ചെയ്ത ഈസിജെറ്റ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനും പാസ്‌പോര്‍ട്ട് പരിശോധനയ്ക്ക് നല്‍കിയെങ്കിലും ആരും തെറ്റ് മനസിലാക്കിയില്ലെന്നതാണ് വിചിത്രം. സ്റ്റെയിന്‍സിലെ വീട്ടില്‍ നിന്ന് യാത്രക്കിറങ്ങിയപ്പോള്‍ പാസ്‌പോര്‍ട്ട് മാറിപ്പോയതാണെന്ന് റാന്‍ഡാല്‍ പറഞ്ഞു.

ബെര്‍ലിനിലെ ഷോയെന്‍ഫെല്‍ഡ് വിമാനത്താവളത്തിലെ പരിശോധനയിലാണ് തെറ്റ് മനസിലായത്. തന്റെ കാമുകി ഷാര്‍ലറ്റ് ബുള്ളിന്റെ പാസ്‌പോര്‍ട്ടാണ് കയ്യിലുണ്ടായിരുന്നതെന്ന് റാന്‍ഡാല്‍ പോലും അപ്പോളാണ് ശ്രദ്ധിക്കുന്നത്. ഒരു ദിവസത്തെ വിസയില്‍ ബെര്‍ലിനില്‍ എത്തിയ ഇയാളെ വിമാനത്താവളത്തിനു പുറത്തു വിടുന്നതിനു മുമ്പ് ബെര്‍ലിനില്‍ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തു. ബോര്‍ഡിംഗിനു മുമ്പായി യാത്രാരേഖകള്‍ ശരിയായി പരിശോധിക്കാനുള്ള ഉത്തരവാദിത്തം ഈസിജെറ്റിനുണ്ടെന്നും എന്നാല്‍ അവര്‍ അത് പാലിക്കാതിരുന്നതാണ് തനിക്ക് ഈ അബദ്ധം പിണയാന്‍ കാരണമെന്നുമാണ് ഇയാള്‍ അവകാശപ്പെടുന്നത്.

ഫ്രാന്‍സില്‍ അവധി ആഘോഷിച്ചതിനു ശേഷം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് റാന്‍ഡാലും കാമുകിയും തിരിച്ചെത്തിയത്. ബെര്‍ലിനില്‍ ഇറങ്ങിയതിനു ശേഷമാണ് എന്തോ കുഴപ്പമുണ്ടെന്ന് മനസിലായത്. സത്യസന്ധമായി കാര്യങ്ങള്‍ വിശദീകരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അതുകൊണ്ട് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നും ഇയാള്‍ വ്യക്തമാക്കി.