ജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിചരണവും ആരോഗ്യവും ഉറപ്പാക്കുന്ന എൻഎച്ച്എസിൽ നിന്ന് ഈയിടെയായി പിഴവുകൾ സംഭവിക്കുന്നത് വർധിച്ചുവരുന്നു. ടെറി ബ്രെസിയർ എന്ന 70കാരനാണ് ഇപ്പോൾ എൻഎച്ച്എസിന്റെ മറ്റൊരു അബദ്ധത്തിന് ഇരയായത്. ത്വക് രോഗ ചികിത്സയ്ക്ക് ലെസ്റ്റർ റോയൽ ഇൻഫർമറി ആശുപത്രിയിൽ പോയ അദ്ദേഹം ഏറെ വൈകിയാണ് താൻ ലിംഗചർമം നീക്കംചെയ്യൽ ശസ്ത്രക്രിയ്ക്ക് വിധേയനായി എന്ന് മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ ചികിത്സാ കുറിപ്പുകൾ കൂട്ടിക്കലർത്തിയതാണ് ഇത്തരത്തിലുള്ള ഒരു വീഴ്ച ഭവിക്കാൻ കാരണം. നേഴ്സിനോട് സംസാരിച്ചപ്പോഴാണ് മറ്റൊരു നടപടിയ്ക്കാണ് താൻ വിധേയനായതെന്ന കാര്യം മനസ്സിലാക്കിയത്, അപ്പോഴേക്കും ഏറെ വൈകിയിരുന്നെന്ന് ടെറി പറഞ്ഞു.

ഡെയിലി സ്റ്റാറിനോട് ടെറി പറയുകയുണ്ടായി ” അവർക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. എന്നെ വാർഡിലേക്ക് വിടാൻ കഴിയില്ലെന്നും പറഞ്ഞു.”   യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ്‌ ഓഫ് ലീസെസ്റ്ററിലെ മെഡിക്കൽ ഡയറക്ടർ ആൻഡ്രൂ ഫർലോങ്ങ് പറഞ്ഞു “ഈ തെറ്റ് സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു. ബ്രെസിയറിനോട് വീണ്ടും ക്ഷമ ചോദിക്കുന്നു. ഇതുപോലെയുള്ള സംഭവങ്ങൾ ഗൗരവമായി എടുക്കുകയും സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്യും. പണം കൊണ്ട് സംഭവിച്ചത് മാറ്റാൻ കഴിയില്ലെങ്കിലും നഷ്ടപരിഹാരം അദ്ദേഹത്തിന് നൽകുകയാണ്. ” നഷ്ടപരിഹാരമായി ബ്രെസിയറിന് 20000 പൗണ്ട് നൽകുകയുണ്ടായി.