തിരുവനന്തപുരം നഗരത്തില്‍ വീണ്ടും കൊലപാതകം. മദ്യലഹരിയില്‍ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി, കൊലക്കേസ് ശിക്ഷ അനുഭവിച്ചിട്ടുള്ള യുവാവ് വെട്ടേറ്റ് മരിച്ചു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. രണ്ടാഴ്ചക്കിടെ നഗരത്തിലുണ്ടാകുന്ന മൂന്നാമത്തെ കൊലപാതകമാണിത്.

തലസ്ഥാന നഗരമധ്യത്തില്‍ മ്യൂസിയം സ്റ്റേഷന്‍ പരിധിയിലുള്ള ബാര്‍ട്ടന്‍ഹില്‍ കോളനിയിലാണ് നഗരത്തെ ഞെട്ടിച്ച മൂന്നാം കൊലപാതകമുണ്ടായത്. കോളനിവാസിയും ഓട്ടോ ഡ്രൈവറായ കെ.എസ്. അനിയാണ് വെട്ടേറ്റ് മരിച്ചത്. അനിയുടെ അയല്‍വാസിയായ ജീവന് വേണ്ടി തിരച്ചില്‍ തുടങ്ങി. ഗുണ്ടാകുടിപ്പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഏതാനും വര്‍ഷം മുന്‍പ് കൊലപാതകകേസില്‍ പ്രതിയായിട്ടുള്ളയാളാണ് കൊല്ലപ്പെട്ട അനി. പ്രതിയായ ജീവന്‍ കാപ്പാ നിയമം ചുമത്തപ്പെട്ട ഗുണ്ടയുമാണ്. രാത്രി പത്ത് മണിയോടെ കോളനിയിലേക്കുള്ള വഴിയില്‍ വച്ച് തര്‍ക്കമുണ്ടാവുകയും ജീവന്‍ കത്തികൊണ്ട് അനിയെ വെട്ടുകയുമായിരുന്നു. വെട്ടേറ്റ് റോഡില്‍ കിടന്ന അനിയെ പൊലീസെത്തിയാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. ഏതാനും മാസം മുന്‍പ് , ജീവന്റെ സഹോദരിയെ അനി മര്‍ദിച്ചതായി പരാതിയുണ്ടായിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമെന്നും കരുതുന്നു.

എന്നാല്‍ ജീവനൊപ്പം ഗുണ്ടകളായ മറ്റ് നാല് പേര്‍ കൂടിയുണ്ടായിരുന്നെന്നും വീട്ടിലേക്ക് വന്ന അനിയെ ഇവര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചെന്നുമാണ് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നത്. അനിയുടെ മരണത്തോടെ തുടര്‍ച്ചയായ മൂന്നാം കൊലയ്ക്കാണ് നഗരം വേദിയായിരിക്കുന്നത്. കരമനയില്‍ അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ശ്രീവരാഹത്ത് ശ്യാമിനെ കുത്തിക്കൊലപ്പെടുത്തിയതുമാണ് രണ്ട് കൊലപാതകങ്ങള്‍.

ഇതിനെല്ലാം പിന്നില്‍ ഗുണ്ടകളും ലഹരിമാഫിയാ സംഘങ്ങളുമാണ്. ഇവരെ നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ ബോള്‍ട്ടെന്ന പേരില്‍ പ്രത്യേക പരിശോധനകള്‍ നടക്കുന്നതിനിടെ ഗുണ്ടകള്‍ പൊതുവഴിയില്‍ ഏറ്റുമുട്ടി കൊന്നത് പൊലീസിന്റെ നാണക്കേടും നാട്ടുകാരുടെ ആശങ്കയും വര്‍ധിപ്പിക്കുകയാണ്