പനജി: ഉത്തര്‍പ്രദേശ് മന്ത്രി എന്ന വ്യാജേന സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കുകയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുകയും ചെയ്ത വിരുതനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. സുനില്‍ സിങ് എന്നയാളാണ് തന്റെ നാല് കൂട്ടാളികള്‍ക്കൊപ്പം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ 12 ദിവസമായി താമസിക്കുകയും ഒടുവില്‍ അറസ്റ്റിലാവുകയും ചെയ്തത്.

യുപിയിലെ സഹകരണ വകുപ്പ് മന്ത്രിയെന്ന വ്യാജേന ഇയാള്‍ പനജിയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിച്ചുവരികയായിരുന്നു. മന്ത്രിയാണെന്നു കാണിക്കുന്ന വ്യാജരേഖകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. കൂട്ടാളികളായ നാലു  പേര്‍ക്കൊപ്പമായിരുന്നു താമസം. മന്ത്രി എന്ന നിലയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും ഇയാള്‍ക്കായി ഗോവ സര്‍ക്കാര്‍ നല്‍കി. ഒടുവില്‍ ഗോവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചപ്പോഴാണ് കള്ളിപൊളിഞ്ഞത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇയാള്‍ ഗോവ മുഖ്യമന്ത്രി  പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള സമയം തേടി. യുപിയിലെ സഹകരണവകുപ്പ് മന്ത്രിയാണെന്ന് വ്യക്തമാക്കുന്ന രേഖകളും ഇയാള്‍ ഹാജരാക്കി. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ അധികൃതര്‍ ഇയാളെക്കുറിച്ചുള്ള വിവരം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

ഇതിനിടയില്‍ ഗോവ സഹകരണവകുപ്പ് മന്ത്രി ഗോവിന്ദ് ഗവാഡെയുമായി ഓഫീസിലെത്തി ഇയാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സഹകരണ വകുപ്പുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ മന്ത്രിയുമായി ചര്‍ച്ചചെയ്യുകയും ചെയ്തു. യുപി മന്ത്രിയാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ തന്നെ കാണാനെത്തിയതെന്ന് ഗവാഡെ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.

പത്തു മിനിറ്റു മാത്രമേ കൂടിക്കാഴ്ച നടത്തിയുള്ളൂ. അപ്പോള്‍ത്തന്നെ ഇയാളുടെ പെരുമാറ്റത്തില്‍ ചെറിയ സംശയം തോന്നിയിരുന്നു. പിന്നീട് ഇയാളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ പരതിനോക്കിയെങ്കിലും ഇങ്ങനെയൊരാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. എന്നാല്‍ പിന്നീട് പലതിരക്കുകള്‍ മൂലം ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ സാധിച്ചില്ല, മന്ത്രി പറഞ്ഞു.

ഇതിനിടെ, ഇയാള്‍ മന്ത്രിയായി ചമഞ്ഞ് ഒരു സ്‌കൂളിന്റെ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കാന്‍കോനയിലെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായാണ് ഇയാള്‍ പങ്കെടുത്തിരുന്നത്.