ബ്രിട്ടനിലെ ഏറ്റവും വലിയ പൊണ്ണത്തടിയന്‍മാരില്‍ ഒരാളായ 33 കാരന്‍ ആറു മാസത്തിലേറെയായി ആശുപത്രിയില്‍ അനധികൃതമായി തുടരുന്നു. നാല് ആശുപത്രി ബെഡുകള്‍ക്ക് വേണ്ട സ്ഥലവും ലക്ഷക്കണക്കിന് പൗണ്ടുമാണ് ഇയാള്‍ക്കു വേണ്ടി എന്‍എച്ച്എസിന് അധികമായി ചെലവാക്കേണ്ടി വരുന്നത്. ആറു മാസം ആശുപത്രിയില്‍ കഴിഞ്ഞ വകയില്‍ 55 സ്റ്റോണ്‍ ഭാരമുള്ള മാത്യൂ ക്രോഫോര്‍ഡിന് വേണ്ടി രണ്ടര ലക്ഷം പൗണ്ടാണ് എന്‍എച്ച്എസിന് ചെലവായത്. മൂന്ന് മാസം മുമ്പ് ഇയാള്‍ക്ക് ഡിസ്ചാര്‍ജ് നല്‍കിയതാണെന്നാണ് വിവരം. അതിനു ശേഷം 1,20,000 പൗണ്ട് ഇയാള്‍ക്കു വേണ്ടി ചെലവായിട്ടുണ്ടത്രേ. ഇയാള്‍ക്കു വേണ്ടി ഒരു സോഷ്യല്‍ കെയര്‍ കണ്ടെത്താതെ ആശുപത്രിയില്‍ നിന്ന് മാറ്റാന്‍ കഴിയാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. എങ്കിലും ഇയാളെ മാറ്റേണ്ടത് അനിവാര്യമാണെന്നാണ് ആശുപത്രിയും അറിയിക്കുന്നത്.

മാത്യുവിന് നഴ്‌സുമാരെ ഉപദ്രവിക്കുന്ന ശീലമുണ്ടെന്ന് വ്യക്തമായതോടെ ഇയാളുടെ പരിചരണം ഏല്‍ക്കാന്‍ തയ്യാറായ ഒരു സോഷ്യല്‍ കെയര്‍ അതില്‍ നിന്ന് പിന്മാറിയെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ഈ വര്‍ഷം ആദ്യമാണ് ഇയാള്‍ കെയര്‍ ഹോമില്‍ വെച്ച് നാല് നഴ്‌സുമാരെ ഉപദ്രവിച്ച സംഭവത്തില്‍ കുറ്റക്കാരനാണെന്ന് വ്യക്തമായത്. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഇയാളോട് നിര്‍ദേശിച്ചിരുന്നു. ദേശീയ മാധ്യമങ്ങളില്‍ പോലും ഇയാളുടെ ആശുപത്രി വാസം വാര്‍ത്തയായി. എന്നിട്ടും അതേ അവസ്ഥയില്‍ മാത്യു തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അനുസരിച്ച് ക്രിസ്മസിനും ഇയാള്‍ ആശുപത്രിയില്‍ തന്നെയായിരിക്കും. കഴിഞ്ഞ മെയ് മുതല്‍ സട്ടന്‍-ഇന്‍-ആഷ്ഫീല്‍ഡിലെ കിംഗ്‌സ് മില്‍ ഹോസ്പിറ്റലില്‍ കഴിയുകയാണ് മാത്യു.

ഇയാള്‍ക്കു വേണ്ടി പ്രത്യേക ബെഡ് ആണ് ഉപയോഗിക്കുന്നത്. ഇതിനു വേണ്ടി മാത്രം ആഴ്ചയില്‍ 7000 പൗണ്ട് വാടകയിനത്തില്‍ എന്‍എച്ച്എസിന് ചെലവാകുന്നു. മാത്യുവിന്റെ അനധികൃത ആശുപത്രിവാസത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നതിനു ശേഷം 60,000 പൗണ്ട് ഈയിനത്തില്‍ ചെലവായിട്ടുണ്ട്. അര്‍ഹരായ രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ ഇത്തരം സാഹചര്യങ്ങളില്‍ സാധിക്കാതെ വരുമെന്ന ആശങ്ക ജീവനക്കാര്‍ പങ്കുവെക്കുന്നു.