ലണ്ടന്‍: മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണങ്ങളില്‍ കൂടുതല്‍ ബോംബ് നിര്‍മാണ സാമഗ്രികള്‍ കണ്ടെത്തി. പോലീസും സുരക്ഷാ ഏജന്‍സികളും അന്വേഷണങ്ങള്‍ തുടരുകയാണ്. സംശയകരമായി കണ്ടെത്തിയ സ്‌ഫോടകവസ്തു നിയന്ത്രിത സ്‌ഫോടനം നടത്തി തകര്‍ത്തു. കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്താനുള്ള സാധ്യതകള്‍ ഉണ്ടൈന്ന മുന്നറിയിപ്പാണ് സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്നത്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി വലിയ ഒരു നെറ്റ് വര്‍ക്ക് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.

ചാവേര്‍ ആക്രമണം നടത്തിയ സല്‍മാന്‍ അബേദിയുടെ കൂടുതല്‍ ബന്ധുക്കള്‍ അറസ്റ്റിലായിട്ടുണ്ട്. ലിബിയയിലും യുകെയിലുമുള്ള ബന്ധുക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. സല്‍മാന്‍ നിരപരാധിയാണെന്ന് ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞുകൊണ്ടിരിക്കെ ഇയാളുടെ പിതാവ് റമദാന്‍ അബേദിയെ ട്രിപ്പോളിയില്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ ഐക്യരാഷ്ട്രസഭ നിരോധിച്ച തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിനു തൊട്ടുപിന്നാലെ മാഞ്ചസ്റ്ററില്‍ താമസിക്കുന്ന സല്‍മാന്റെ സഹോദരന്‍ ഹാഷെം അറസ്റ്റിലായിരുന്നു. ഇയാള്‍ക്ക് ഐസിസ് ബന്ധങ്ങള്‍ ഉണ്ടെന്ന് ലിബിയന്‍ അധികൃതര്‍ പറഞ്ഞു. സല്‍മാന്‍ അബേദിയുടെ അമ്മ സാമിയ തബ്ബാല്‍, ഇവരുടെ മറ്റൊരു മകനായ ഇസ്മയില്‍ എന്നിവരും മാഞ്ചസ്റ്ററില്‍ അറസ്റ്റിലായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി മാത്രം മൂന്ന് അറസ്റ്റുകളാണ് ഉണ്ടായത്. വിഗനില്‍ നിന്നും നനീറ്റനില്‍ നിന്നും രണ്ട് പുരുഷന്‍മാരെയും നോര്‍ത്ത് മാഞ്ചസ്റ്ററിലെ ബ്ലാക്ക്‌ലിയില്‍ നിന്ന് ഒരു സ്ത്രീയുമാണ് പിടിയിലായത്.